എൽപിജി പ്രതിസന്ധി; ഗാർഹിക സിലിണ്ടറുകളിലെ അളവ് കുറയ്ക്കില്ല,​ 10 കിലോയാക്കുമെന്ന പ്രചാരണം തള്ളി കേന്ദ്രം

Monday 23 March 2026 10:22 PM IST

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർ‌ഷത്തിന്റെ പശ്ചാത്തലത്തിൽ പാചകവാതക ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഗാ‌ർഹിക സിലിണ്ടർ 10 കിലോയാക്കുമെന്ന പ്രചാരണം വ്യാജമെന്ന് കേന്ദ്രം,​ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോയുടെ എൽ.പി.ജി സിലിണ്ടറുകൾ 10 കിലോ ആക്കി മാറ്റുമെന്ന വാർത്തകൾ വെറും ഊഹാപോഹം മാത്രമാണെന്ന് കേന്ദ്ര പെട്രോളിയം ,​ പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾ ആരും വിശ്വസിക്കരുതെന്ന് മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർ‌മ്മ അറിയിച്ചു. റിപ്പോർ‌ട്ടുകൾ തികച്ചും ഊഹാപോഹം മാത്രമാണ്. ദയവായി അത്തരം വാർത്തകൾ വിശ്വസിക്കരുതെന്ന് പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിതല യോഗത്തിന് ശേഷം സുജാത ശർമ്മ പറഞ്ഞു.

എൽ.പി.ജി വിതരണം സുസ്ഥിരമാക്കാനും കരിഞ്ചന്ത തടയാനുമാണ് സർക്കാരിന്റെ ശ്രമമെന്നും അവർ അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ 3.5 ലക്ഷം ഗാർഹിക,​ വാണിജ്യ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുകൾ നൽകാൻ സ‌ർക്കാരിന് കഴിഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകൾ അനുവദിക്കുന്നതിൽ പുതിയ നയം കൊണ്ടുവന്നതായും സുജാത ശർമ്മ വ്യക്തമാക്കി.