ട്രാൻ. ഡിപ്പോയിൽ യാത്രക്കാരന്റെ സ്വർണമാല കവർന്നു; മോഷ്ടാവിന്റെ ദൃശ്യം സി.സി ടി.വിയിൽ

Tuesday 24 March 2026 12:46 AM IST

തൊടുപുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയ യാത്രക്കാരന്റെ നാലു പവനുള്ള സ്വർണമാല അപഹരിച്ചു. പുറപ്പുഴ മരുതുംകുഴി അനീഷ്‌കുമാറിന്റെ കഴുത്തിൽ കിടന്ന മാലയാണ് മോഷ്ടിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. കോഴിക്കോടിന് പോകാൻ എത്തിയതായിരുന്നു അനീഷ്. ബസ് കാത്ത് സ്റ്റാൻഡിലെ കസേരയിൽ ഇരുന്ന് ഉറങ്ങിപ്പോയി. പിന്നീട് യാത്രയ്ക്കിടെ ബസിൽ വച്ചാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ തിരികെ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇയാളുടെ തൊട്ടടുത്ത കസേരയിൽ ഇരുന്നയാൾ മാല ഊരിയെടുക്കുന്നതിന്റെ സി.സി. ടി.വി ദൃശ്യങ്ങൾ ഡിപ്പോയിൽ നിന്ന് പൊലീസിന് ലഭിച്ചു. ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.