നഷ്ടത്തിലായി കശുമാവ് കൃഷിയും

Tuesday 24 March 2026 12:52 AM IST

കിളിമാനൂർ: കശുമാവ് കൃഷി ചെയ്ത കർഷകർക്ക് തിരിച്ചടി. മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യത്തിൽ പൊറുതിമുട്ടി കർഷകർ. മാത്രമല്ല വേനൽമഴയ്ക്ക് പിന്നാലെ ഒറ്റയടിക്ക് വില കുറഞ്ഞതും പാകമാകാതെ കശുഅണ്ടി പൊഴിഞ്ഞു പോകുന്നതുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്. കൂടാതെ കുരങ്ങു ശല്യവും ഏറെയാണ്. സ്വന്തം പറമ്പുകളിലും പാട്ടത്തിനെടുത്ത പുരയിടങ്ങളിലുമാണ് കർഷകർ കശുമാവ് കൃഷി ചെയ്യുന്നത്. സീസണിന്റെ തുടക്കത്തിൽ 165രൂപ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 125 രൂപയാണ് വ്യാപാരികൾ നൽകുന്നത്. മഴ തുടങ്ങിയാൽ വിലയിടിവ് മുൻവർഷങ്ങളിലും സംഭവിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പ്രതിസന്ധി വരാറില്ലെന്നാണ് കർഷക‌ർ പറയുന്നത്. സീസണൽ വിളയായ കശുഅണ്ടി ഡിസംബറിൽ തുടങ്ങി മാർച്ച് വരെയാണ് വരുമാനം ലഭിക്കേണ്ടത്.വിളവ് നന്നേ കുറവായിരുന്നപ്പോഴും വില ലഭിച്ചിരുന്ന കശുഅണ്ടിക്ക് ഒരു മഴ പെയ്തതോടെ വിലയിടിവാണുണ്ടായത്.

വില്ലനായി വേനൽ മഴ

വേനൽ മഴയിൽ വിളവെത്തിയ കശുഅണ്ടി കറുക്കുന്നതോടെ കച്ചവടക്കാർ വില കുറയ്ക്കുന്ന സാഹചര്യമാണ്.മഴയ്ക്ക് ഇനിയും സാദ്ധ്യതയുള്ളതിനാൽ ഈ വർഷത്തെ കശുഅണ്ടി വില്പന കനത്ത നഷ്ടത്തിലാകാനാണ് സാദ്ധ്യത. മഴ ഉത്പാദനത്തേയും വിളയുടെ ഗുണനിലവാരത്തെയും ബാധിക്കും എന്ന പേടിയിലാണ് കർ‌ഷകർ.