ഗ്യാസ് പ്രതിസന്ധി വീർപ്പുമുട്ടി കാറ്ററിംഗ് മേഖല
കിളിമാനൂർ: പാചക വാതകക്ഷാമം രൂക്ഷമായതോടെ തീ അണഞ്ഞ് കാറ്ററിംഗ് മേഖലയും. ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം ഒരുക്കേണ്ട കാറ്ററിംഗ് സ്ഥാപനങ്ങൾ എൽ.പി.ജി സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നത്.പ്രതിസന്ധി മറികടക്കാൻ വിറകിലേക്ക് മാറിയതോടെ വിഭവങ്ങൾ വെട്ടിച്ചുരുക്കേണ്ടിവന്നു.കൂടാതെ പൂർണമായും അടുപ്പിലേക്ക് മാറേണ്ട സ്ഥിതിയായതിനാൽ പല കാറ്ററിംഗ് സ്ഥാപനങ്ങളും പുതുതായി അടുപ്പ് നിർമ്മിച്ചുതുടങ്ങി.നോൺവെജ് വിഭവങ്ങൾ ബിരിയാണിയിൽ മാത്രമായി ചുരുങ്ങി.വറക്കുന്നതും പൊരിക്കുന്നതും ഒഴിവാക്കി.ബിരിയാണിയും നെയ്ച്ചോറും വിറക് ഉപയോഗിച്ച് നിർമ്മിക്കാം.എന്നാൽ ഒരു മുഴുവൻ സദ്യ ഇത്തരത്തിൽ പാചകം ചെയ്യാൻ ബുദ്ധിമുട്ടാണ്.പൊറോട്ട,അപ്പം,പത്തിരി,ഒരുപാട് വിഭവങ്ങളുള്ള ഓർഡറുകളും ഒഴിവാക്കി.വിവാഹ സൽക്കാരത്തിന് 'ലൈവ്' വിഭവങ്ങൾ തയ്യാറാക്കുന്നതും താത്കാലികമായി നിറുത്തി.സ്വകാര്യ ചടങ്ങുകൾക്കും, കല്യാണങ്ങൾക്കും മറ്റും കാറ്ററിംഗിന് അഡ്വാൻസ് വാങ്ങിയവരും എന്ത് ചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലാണ്.
വിറകിന് ഡിമാന്റ്
ചില ഓഡിറ്റോറിയങ്ങളിൽ വിറക് കത്തിക്കാനുള്ള സൗകര്യമില്ല. ഈ സാഹചര്യത്തിൽ വിറകുപയോഗിച്ച് പാചകം ചെയ്യാനുള്ള സ്ഥലം കണ്ടെത്തി അവിടെ നിന്ന് പരിപാടി നടക്കുന്നിടത്ത് എത്തിക്കുകയാണ് ഏക പോംവഴി. വിറകുമായി പാചകത്തിനെത്തിയപ്പോൾ വിറക് ഉപയോഗിച്ച് ഓഡിറ്റോറിയത്തിൽ പാചകം ചെയ്യാൻ കഴിയില്ലെന്ന് തർക്കവുമുണ്ടായിട്ടുണ്ട്. ക്ഷാമം രൂക്ഷമായതോടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തനം നിറുത്തി.
സാമ്പത്തിക - തൊഴിൽ നഷ്ടവും
സാമ്പത്തിക നഷ്ടത്തിനൊപ്പം ആയിരക്കണക്കിനാളുകളുടെ തൊഴിലും നഷ്ടമായി
ഓർഡർ എടുക്കാത്തതിനാൽ ജോലി മുടങ്ങി
തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കഴിയുന്നില്ല
അന്യസംസ്ഥാന തൊഴിലാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങി
ഇൻഡക്ഷൻ കുക്കർ, ഇലക്ട്രിക് കെറ്റിൽ, എയർ ഫ്രൈയർ, മൈക്രോവേവ് ഓവൻ എന്നിവയ്‌ക്ക് കച്ചവടം കൂടി.