എത്തിയത് ആനപ്പുറത്ത് പത്രികാസമർപ്പണം കളറാക്കി എൻ.ഡി.എ സ്ഥാനാർത്ഥി

Tuesday 24 March 2026 12:04 AM IST
അഴീക്കോട് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.കെ വിനോദ്കുമാർ വരണാധികാരി കൂടിയായ കണ്ണൂർ ഡപ്യൂട്ടി കളക്ടർ(എൽ.എ) എ.കെ അനീഷിനു മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു

കണ്ണൂർ: വാദ്യമേളത്തിന്റെ അകമ്പടിയോടെ ആനപ്പുറത്തെത്തി പത്രിക സമർപ്പിച്ച് എൻ.ഡി.എ അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി കെ.കെ വിനോദ് കുമാർ. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് വിനോദ് കുമാർ വീൽ ഘടിപ്പിച്ച റോബോർട്ടിക് കൊമ്പനാന പുറത്ത് നഗരം ചുറ്റി കളക്ടറേറ്റിലെത്തിയത്. വഴിയിൽ കൂടിനിന്നവർ ഒറ്റനോട്ടത്തിൽ ഒറിജിനൽ കൊമ്പനാന പുറത്താണ് സ്ഥാനാർത്ഥി നഗരം ചുറ്റുതെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് കാര്യം മനസ്സിലായി. ആനപ്പുറത്ത് സ്ഥാനാർത്ഥിക്കൊപ്പം മുത്തുക്കുട പിടിക്കാനും ആളുണ്ടായിരുന്നു. തൃശൂരിൽ നിന്നെത്തിയ പുലികളി സംഘം ചെണ്ടവാദ്യസംഘം തുടങ്ങി കളറാക്കിയായിരുന്നു പത്രിക സമർപ്പിക്കൽ.

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ആനപ്പുറത്തിരുന്ന് തങ്ങളെ അഭിവാദ്യം ചെയ്യുന്ന സ്ഥാനാർത്ഥിയെ കണ്ടപ്പോൾ അത് ചുറ്റുമുള്ളവർക്ക് കൗതുകമായി. റോഡിന്റെ ഇരുവശത്തായി നിരവധി പേരാണ് തരിച്ചു കൂടിയത്. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസായ കണ്ണൂർ താളിക്കാവ് നിന്നും പുറപ്പെട്ട് തളാപ്പ് സുന്ദരേശ്വരക്ഷേത്രം വഴി ദേശീയപാതയിലെ തെക്കി ബസാറിലൂടെ സിഗ്‌നൽ ലൈറ്റ് മുറിച്ചു കടന്നാണ് കളക്ടറേറ്റിൽ എത്തിയത്. ബി.ജെ.പി നേതാക്കളും പ്രവർത്തകരും അകമ്പടിയായുണ്ടായിരുന്നു.

എൻ.ഡി.എ സ്ഥാനാർത്ഥിയുടെ ആനപ്പുറത്തു കയറിയുളള നഗരംചുറ്റൽ രൂക്ഷമായ ഗതാഗത കുരുക്കിനും കാരണമായി. നഗരത്തിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.