വർക്കലയിൽ തെരുവുനായ ശല്യം രൂക്ഷം

Tuesday 24 March 2026 1:30 AM IST

വർക്കല: ബീച്ചുകളിൽ തെരുവുനായ്‌ക്കളുടെ ശല്യം വർദ്ധിക്കുന്നു.സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാവുകയാണ് തെരുവുനായ്‌ക്കൾ.6മാസത്തിനുള്ളിൽ 18 പേർക്കാണ് ഇവയുടെ ആക്രമണത്തിൽ പരിക്കേറ്റത്.ഇക്കഴിഞ്ഞ ഞായറാഴ്ച പാപനാശത്ത് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് തെരുവുനായയുടെ കടിയേറ്റിരുന്നു. ബലിതർപ്പണത്തിനെത്തുന്നവരും ഭയത്തോടെയാണ് എത്തുന്നത്.ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പുന്നമൂട് പെട്രോൾ പമ്പിന് സമീപമുള്ള,കല്യാണവീട്ടിൽ എത്തിയ ഒരാളെയും തെരുവ്നായ ആക്രമിച്ചു.റോഡിലൂടെ പോയ വികലാംഗനായ സനീഷിനും കടിയേറ്റു. നോർത്ത് ക്ലിഫ് പ്രദേശത്ത് വിദേശികളുൾപ്പെടെ നിരവധിപേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റു.പേവിഷബാധയുള്ള നായ്‌ക്കൾ വിനോദസഞ്ചാര മേഖലകളിൽ അലഞ്ഞുതിരിയുന്നുവെന്നാണ് പരാതി.

ഉപജീവനത്തിനും വെല്ലുവിളി

ചെറുന്നിയൂരിലെ പന്തുവിള,അയന്തി പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പൊറുതിമുട്ടി നാട്ടുകാർ.കൂടുകൾ തകർത്ത് വളർത്തുകോഴികളെ കൂട്ടത്തോടെ കടിച്ച് കൊല്ലുന്നത് പതിവാണ്.പന്തുവിളയിൽ ബിജി എന്ന വീട്ടമ്മയുടെ വീട്ടുമുറ്റത്തെ കോഴിക്കൂട് തകർത്ത് പതിനഞ്ചോളം മുട്ടക്കോഴികളെ കടിച്ചുകൊന്നു.പത്തോളം തെരുവു നായ്ക്കളാണ് ഉണ്ടായിരുന്നത്.

പുനരധിവാസ കേന്ദ്രങ്ങൾ ഒരുക്കണം

നായ്‌ക്കളുടെ പുനരധിവാസ കേന്ദ്രങ്ങളുടെ അഭാവമാണ് വർക്കലയിൽ തെരുവുനായ്‌ക്കളുടെ ശല്യം വർദ്ധിക്കാനുള്ള പ്രധാന കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.വിദേശികൾ ഉൾപ്പെടെയുള്ളവർ നായ്ക്കൾക്കായുള്ള സംരക്ഷണ കേന്ദ്രങ്ങൾ ഒരുക്കാൻ തയ്യാറാണെങ്കിലും ഇതിനാവശ്യമായ ഇടം കണ്ടെത്താൻ കഴിയുന്നില്ല.

എ.ബി.സി പദ്ധതി പൂർണമായിട്ടില്ല

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനുമായി ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്ത പദ്ധതിയാണ് അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം.നായ്ക്കളുടെ വന്ധ്യംകരണവും വാക്സിനേഷനുമാണ് കൂടുതൽ അഭികാമ്യമെന്നതിനാലാണ് പഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. മുൻ വർഷങ്ങളിൽ പദ്ധതിക്കായി നഗരസഭ ബഡ്ജറ്റിൽ തുക വകകൊള്ളിച്ചിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞില്ല.

പ്രതികരണം

തെരുവുനായശല്യം രൂക്ഷമാണ്.നായ്ക്കളെ വന്ധ്യംകരിച്ച് അവയുടെ എണ്ണം നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള സത്വരനടപടികൾ ഉണ്ടാകണം.

അജയകുമാർ.കെ

പ്രസിഡന്റ്

പുന്നമൂട് റസിഡന്റ്‌സ് അസോസിയേഷൻ