സർക്കാരിന്റെ വിമ‌ർശകരോ അനുകൂലികളോ ആകരുത് കോടതികൾ: ജസ്റ്റിസ് ഉജ്ജൽ ഭുയാൻ

Tuesday 24 March 2026 1:17 AM IST

ന്യൂഡൽഹി: സർക്കാരിന്റെ കടുത്ത വിമ‌ർശകരോ അനുകൂലികളോ ആകരുത് കോടതികളെന്നും ജാഗ്രതയുള്ള കാവൽക്കാരായിരിക്കണമെന്നും സുപ്രീംകോടതി ജ‌ഡ്‌ജി ഉജ്ജൽ ഭുയാൻ. സുപ്രീംകോടതി ബാർ അസോസിയേഷന്റെ ദേശീയ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുകയെന്നതാണ് ജുഡിഷ്യറിയുടെ ഉത്തരവാദിത്വം. വികസിത ഭാരതം തുടങ്ങിയ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ജുഡിഷ്യറി ഏറ്റുപിടിക്കേണ്ടതില്ല. വികസ്വര ഇന്ത്യയാണെങ്കിലും വികസിത ഇന്ത്യയാണെങ്കിലും ജുഡിഷ്യറി ഇവിടെ കാണും. സുപ്രീംകോടതി രാജ്യത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കൊളീജിയത്തിൽ

അപാകത

സുപ്രീംകോടതി കൊളീജിയം സംവിധാനത്തിലെ അപാകതകൾ വിശദമായി പരിശോധിക്കപ്പെടേണ്ട വിഷയമാണെന്ന് കോൺഫറൻസിൽ ജസ്റ്റിസ് മൻമോഹൻ. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ അയക്കുന്ന നിയമന ശുപാർശകളെ കൊളീജിയമോ,കേന്ദ്രസർക്കാരോ അതേപടി വിശ്വാസത്തിലെടുക്കുന്നില്ല. രഹസ്യാന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അന്വേഷിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം പരിശോധിക്കപ്പെടണമെന്നും കൂട്ടിച്ചേർത്തു. മെച്ചപ്പെട്ട ശമ്പളമില്ലാത്തതു കാരണമാണ് മികച്ച അഭിഭാഷകർ ജഡ്‌ജിമാരാകാൻ തയ്യാറാകാത്തതെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത പറഞ്ഞു.

എ.ഐ മനുഷ്യ

ജഡ്‌ജിക്ക് തുല്യമല്ല

നിർമിതബുദ്ധി (എ.ഐ) ഒരിക്കലും മനുഷ്യനായ ജഡ്‌ജിക്ക് തുല്യമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. പാറ്റേണുകൾ വിശകലനം ചെയ്യാനും മറ്റും എ.ഐക്ക് സാധിക്കും. മനുഷ്യന്റെ കഷ്‌ടപ്പാടുകൾ മനസിലാക്കാൻ എ.ഐയ്‌ക്ക് സാധിക്കില്ല. സഹാനുഭൂതി, ഉത്തരവാദിത്വബോധം തുടങ്ങിയ മാനവിക ഗുണങ്ങളും ഈ അത്യാധുനിക സാങ്കേതികവിദ്യയ്‌ക്ക് അന്യമാണ്. ബംഗളൂരുവിൽ കർണാടക ജുഡിഷ്യൽ അക്കാഡമി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.