ഗ്രാമീണ മേഖലയിൽ പിടിമുറുക്കി ലഹരിസംഘം

Tuesday 24 March 2026 2:27 AM IST

പാലോട്: നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിലും കോളനികളിലുമായി ലഹരി സംഘങ്ങളുടെ ചൂഷണത്തിനിരയായോ അല്ലാതെയോ ജീവിതം അവസാനിപ്പിക്കുന്ന യുവതീയുവാക്കളുടെ എണ്ണം പെരുകുന്നു.

പൊലീസ്, എക്സൈൈസ് ടീം നേരിട്ട് അന്വേഷണത്തിന് ഇറങ്ങിയിട്ടും ഗ്രാമീണ മേഖലയിലെ ചില പ്രദേശങ്ങളിൽ ഇപ്പോഴും ലഹരി സംഘങ്ങളുടെ വിഹാരം തുടരുകയാണ്. നന്ദിയോട്, പെരിങ്ങമ്മല,പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളിലും സമാന സാഹചര്യമാണുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾക്ക് വിപണിയൊരുക്കുന്നത് വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലാണ്. സന്ധ്യമയങ്ങിയാൽ ഇവിടങ്ങളിൽ വഴിയാത്രക്കാർ പോലും സഞ്ചരിക്കുന്നത് ഭീതിയോടെയാണ്.

ബോധവത്കരണത്തിനോ ആത്മഹത്യയെക്കുറിച്ചുള്ള പഠനത്തിനോ കൗൺസലിംഗിനോ അധികാരികൾ തയ്യാറാകാത്തതും നിലവിലെ പ്രതിസന്ധിയാണ്.

ആത്മഹത്യകൾ പെരുകുന്നു

ഒരു വർഷത്തിനിടെ പതിനഞ്ചോളം പെൺകുട്ടികൾ മരണപ്പെട്ടതായാണ് വിവരം. മാനസിക സംഘർഷങ്ങൾക്ക് അടിമപ്പെട്ട് മരണം വരിച്ച യുവാക്കളുടെ എണ്ണവും കുറവല്ല. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളാണ് ഇവരിലധികവും.

നടപടി ശക്തമാക്കി പൊലീസ്

ആദിവാസി മേഖലകൾ ഉൾപ്പെടെ ലഹരിക്കെതിരെയുള്ള പരിശോധന ശക്തമാക്കി പൊലീസ്. പരിശോധന ശക്തമാകുമ്പോൾ പിന്തിരിയുന്ന ലഹരി മാഫിയ പരിശോധനകൾ കുറയുന്നതോടെ വീണ്ടും രംഗത്തെത്തുകയാണ് പതിവ്. വനമേഖലയോട് അടുത്ത പ്രദേശങ്ങളാണ് സംഘങ്ങളുടെ താവളം.

വനം,പൊലീസ്, എക്സൈസ്, ട്രൈബൽ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ ഏകോപനമില്ലാതെ ആദിവാസി മേഖലയിലും മറ്റ് ഗ്രാമീണ മേഖലയിലും ലഹരി മാഫിയയെ അമർച്ച ചെയ്യാൻ കഴിയില്ലെന്നതാണ് വാസ്തവം. റസിഡന്റ്സ് അസോസിയേഷനുകളുടെകൂടി സഹകരണത്തോടെ സംഘങ്ങൾക്കെതിരെ നടപടിയെടുക്കാൻ കഴിയണം.