കണ്ണൂരിൽ പൊലീസ് ആസ്ഥാനത്തിന് സമീപം കടകളിൽ മോഷണം

Tuesday 24 March 2026 2:51 AM IST

കണ്ണൂർ: നഗരത്തിൽ പൊലീസ് ആസ്ഥാനത്തിന് സമീപം വിലസി മോഷ്ടാവ്. രണ്ട് മൊബൈൽ ഷോപ്പുകളിലും മിൽമ സ്റ്റാളിലും നിർത്തിയിട്ട കാറിലുമാണ് മോഷണം നടന്നത്. കണ്ണൂർ സ്റ്റേഡിയം പരിസരം, പ്രസ് ക്ലബ് റോഡ് എന്നിവിടങ്ങളിലാണ് ഞായറാഴ്ച അർധരാത്രിയോടെ മോഷണം നടന്നത്.

സ്റ്റേഡിയം പരിസരത്തെ നാഫിൽ എന്നയാളുടെ ബോസിനി മൊബൈൽ ഷോപ്പിന്റെ പൂട്ട് തകർത്ത് മേശവലിപ്പിൽ സൂക്ഷിച്ച 2000 രൂപയും മൊബൈൽ ഫോൺ, ചാർജർ, പവർ ബാങ്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങളും എടുത്താണ് സ്ഥലം വിട്ടത്. സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള മിൽമ സ്റ്റാളിന്റെ പൂട്ടും തകർത്തെങ്കിലും ഒന്നും കിട്ടിയില്ല.

ഇതിനടുത്തായി ഫുട്പാത്തിൽ തുണി കച്ചവടം ചെയ്യുന്ന ബഷീറിന്റെ കാറിന്റെ ഗ്ലാസ് തകർത്ത് അതിനകത്ത് സൂക്ഷിച്ച തുണിത്തരങ്ങൾ മോഷ്ടിച്ചു. കണ്ണൂർ പ്രസ് ക്ലബ് റോഡിലെ ചാലാട് സ്വദേശി നജീബിന്റെ ഉടമസ്ഥതയിലുള്ള മാഷുഖ് മൊബൈൽ ഷോപ്പിന്റെയും പൂട്ട് തകർത്ത മോഷ്ടാവ് അതിനകത്തുണ്ടായിരുന്ന 48,000 രൂപയും ഒരു മൊബൈൽ ഫോണും കവർന്നു. ഇതിന്റെ ദൃശ്യങ്ങൾ ഷോപ്പിലെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.