'അച്ഛന് മകളോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അമ്മയെ ആത്മാർത്ഥമായി സ്‌നേഹിക്കുക എന്നതാണ്'; പിറന്നാൾ പോസ്റ്റിന് താഴെ അധിക്ഷേപം

Tuesday 24 March 2026 11:04 AM IST

മലയാളികളുടെ പ്രിയതാരപുത്രിയാണ് നടൻ ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. അഭിനയരംഗത്തേക്ക് മീനാക്ഷി രംഗപ്രവേശം ചെയ്തിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ്. ദിലീപിനൊപ്പം ചില പൊതുപരിപാടികളിലും ചടങ്ങുകളിലുമൊക്കെ മീനാക്ഷി പങ്കെടുക്കാറുണ്ട്.

കഴിഞ്ഞദിവസം മീനാക്ഷിയുടെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 'ഹാപ്പി ബർത്ത് ഡേ മീനൂട്ടി' എന്നായിരുന്നു ചിത്രങ്ങളിലെ അടിക്കുറിപ്പ്. ഫോട്ടോയിൽ മീനാക്ഷിയും ദിലീപും മാത്രമേയുള്ളൂ. ഒരു വിദേശ യാത്രക്കിടയിൽ എടുത്ത സെൽഫി ചിത്രങ്ങളാണ് ദിലീപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ ആരാധകരും താരങ്ങളുമടക്കം മീനാക്ഷിക്ക് ജന്മദിനാശംസകളുമായി രംഗത്തെത്തി. എന്നാൽ ചിലർ ദിലീപിനെ അധിക്ഷേപിച്ചും കമന്റുകൾ ഇടുന്നുണ്ട്.

'മകളുടെ ജനനസമയത്ത് ഒരുപാട് വേദനിച്ച് ഒരു അമ്മ കൂടിയുണ്ട്', 'ഒരച്ഛനു മകളോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അതിന്റെ അമ്മയെ ആത്മാർത്ഥമായി സ്നേഹിക്കുക എന്നാണ്. താങ്കൾ പക്ഷേ അതിൽ സമ്പൂർണ പരാജയം ആണ്. അത് താങ്കളുടെ മകൾക്ക് മനസിലാകണമെങ്കിൽ അവൾ ഒന്ന് പ്രസവിക്കണം', 'സ്വന്തം മകളെ അമ്മയിൽ നിന്ന് അകറ്റിയ അച്ഛൻ' - ഇങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ ദിലീപിനെ പിന്തുണച്ചും കമന്റുകൾ വരുന്നുണ്ട്.

' മറ്റുള്ളവരുടെ കാര്യത്തിൽ എന്തിനാണ് ഇടപെടുന്നത്. ആ കുട്ടി അവളുടെ അമ്മയെ വിളിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം', 'നല്ലൊരു അച്ഛനും മകളും', ' അച്ഛന്റെ പൊന്നുമോൾ'- എന്നാണ് പലരുടെയും മറുപടി.