ജിമ്മിന്റെ മറവിൽ ശ്രീലക്ഷ്‌‌മിയുടെ കച്ചവടം, കുട്ടികൾ ഉൾപ്പെടെ കസ്റ്റമേഴ്‌സ്; ഒടുവിൽ പൊലീസ് കയ്യോടെ പിടിച്ചു

Tuesday 24 March 2026 4:22 PM IST

തൃശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻ തോതിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തു. തൃപ്രയാർ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജിംനേഷ്യത്തിൽ ജോലി ചെയ്‌തുവരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്‌മി (30) ആണ് അറസ്റ്റിലായത്.

2.270 കിലോഗ്രാം ഹാഷിഷ് ഓയിലാണ് ശ്രീലക്ഷ്‌മിയിൽ നിന്ന് പിടിച്ചെടുത്തത്. കൂടാതെ മയക്കുമരുന്ന് വിൽപ്പന നടത്തി അനധികൃതമായി സമ്പാദിച്ച 90,500 രൂപയും ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പന നടത്താനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്. കരയാമുട്ടം സൊസൈറ്റിക്ക് സമീപം യുവതി താമസിക്കുന്ന വാടകവീട്ടിൽ വച്ചാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വലപ്പാട് പൊലീസും ചേർന്ന് പ്രതിയെ പിടികൂടിയത്.

തീരദേശമേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്‌കൂളുകൾ കേന്ദ്രീകരിച്ചും ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടം കണ്ടെത്തിയത്. പൊലീസ് - എക്‌സൈസ് പരിശോധനകൾ ഒഴിവാക്കാൻ അതീവ ജാഗ്രതയോടെയായിരുന്നു യുവതിയുടെ ഇടപാടുകൾ. വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മാത്രമാണ് യുവതി ലഹരിമരുന്ന് കൈമാറിയിരുന്നത്. യുവതിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയയാളെക്കുറിച്ചുള്ള നിർണായക വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്.