ഈ പുരസ്കാരം ദേവിയുടെ ജന്മദിന സമ്മാനം
തിരുവനന്തപുരം: ഇരുന്നൂറിലധികം പുരസ്കാരങ്ങൾ താൻ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും,എന്നാൽ തന്റെ ജന്മദിവസം ലഭിച്ച ഈ പുരസ്കാമാണ് ഇവയിലെല്ലാം മുകളിൽ ഞാൻ വിലമതിക്കുന്നതെന്ന് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പി. ഇന്നലെ കരിക്കകം ചാമുണ്ഡി ക്ഷേത ട്രസ്റ്റ് ഏർപ്പെടുത്തിയ കരിക്കകത്തമ്മ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. പുരസ്കാരം മേയർ അഡ്വ.വി.വി. രാജേഷ് ശ്രീകുമാരൻ തമ്പിക്ക് സമർപ്പിച്ചു. 50,000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് സമ്മാനം. സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം മേയർ നിർവഹിച്ചു. ചടങ്ങിൽ ദേവിയുടെ ചുവർ ചിത്രങ്ങൾ വരച്ച ചിത്രകാരൻ രാജേഷ് എം.ആറിനെ ആദരിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം ചലചിത്രനടി ഭാവന നിർവഹിച്ചു.കരിക്കകം വാർഡ് കൗൺസിലർ അശ്വതി.എം.എസ്, ട്രസ്റ്റ് ചെയർമാൻ എം.രാധാകൃഷ്ണൻ നായർ,പ്രസിഡന്റ് കെ. പ്രതാപചന്ദ്രൻ, സെക്രട്ടറി വി.അശോക് കുമാർ, ട്രഷറർ എസ്.ഗോപകുമാർ, വൈസ് പ്രസിഡന്റ് എസ്. മധുസൂധനൻ നായർ,വി.അശോക് കുമാർ,ജോയിന്റ് സെക്രട്ടറി ജി. കെ. ഓംപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.