ഒ.സി രവി കോൺഗ്രസിലേക്ക്
Wednesday 25 March 2026 12:44 AM IST
മാള: സി.പി.ഐ വിട്ട് മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.സി രവി കോൺഗ്രസിൽ ചേർന്നു.11 വർഷം മുമ്പ് കോൺഗ്രസ് വിട്ട് സി.പി.ഐയിൽ ചേർന്ന ഒ.സി രവി പാർട്ടിക്കുള്ളിലെ അവഗണനയും പ്രാദേശിക നേതൃത്വത്തിന്റെ ഏകാധിപത്യ നിലപാടുകളിലും പ്രതിഷേധിച്ചാണ് മാതൃപ്രസ്ഥാനത്തിലേക്ക് മടങ്ങുന്നതെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രാദേശിക നേതൃത്വം തഴഞ്ഞെന്നും ആരോപിച്ചു. എട്ട് ലക്ഷം രൂപയുടെ ഇറിഗേഷൻ പദ്ധതി എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞതും നിരാശയുണ്ടാക്കി. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന ബോധ്യത്തിലാണ് മടക്കമെന്നും വ്യക്തമാക്കി. ഡി.സി.സി. ജനറൽ സെക്രട്ടറി വി. എ. അബ്ദുൽ കരീം, ബ്ലോക്ക് പ്രസിഡന്റ് എൻ. എസ്. വിജയൻ എന്നിവർ പങ്കെടുത്തു.