പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ്: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. കണ്ണവം സ്റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസറായ ചെറുവാഞ്ചേരി സ്വദേശി യു.പി. അർജുന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലാണ് കോളയാട് മെട്ടയിലെ രാഹുൽ (31), മുഴക്കുന്ന് പാലാപ്പള്ളി സ്വദേശി പി.ജിതിൻ (30) എന്നിവരെ കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണവം, ചെറുവാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ രാഷ്ട്രീയ ആക്രമണ കേസുകളിൽ പൊലീസ് രാഹുൽ അടങ്ങുന്ന സംഘത്തിനെതിരെ സ്വീകരിച്ച നടപടികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് മുഖംമൂടി ധരിച്ച്, നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ എത്തിയ പ്രതികൾ വീടിനു നേരെ ബോംബ് എറിഞ്ഞതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസ്. കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളും മുൻപ് നിരവധി കേസുകളിലെ പ്രതികളാണ്. വധശ്രമം ഉൾപ്പെടെ എട്ട് കേസുകളിൽ പ്രതിയാണ് ജിതിൻ. വധശ്രമം ഉൾപ്പെടെ അഞ്ച് കേസുകളിൽ പ്രതിയാണ് രാഹുലും. സംഭവത്തിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഉഗ്ര ശേഷിയുള്ള ബോംബ് കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 12.30നാണ് ചെറുവാഞ്ചേരി പൂവത്തൂരിലെ വീടിന് നേരെ ബോംബേറുണ്ടായത്. ഉഗ്ര ശേഷിയുള്ള ബോംബ് വീടിന്റെ വരാന്തയിലേക്ക് വീണെങ്കിലും പൊട്ടിയില്ല. സംഭവ സമയം അർജുനും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. ബോംബ് പൊട്ടാതിരുന്നത് മൂലം വൻ ദുരന്തം ഒഴിവായി. കാലപ്പഴക്കമാവാം ബോംബ് പൊട്ടാതിരിക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചിരുന്നു.