കടം കൊടുത്ത പണത്തെ ചൊല്ലി തർക്കം; വൃദ്ധയുടെ കൈ അടിച്ചൊടിച്ചു
വിഴിഞ്ഞം: മകൾ വാങ്ങിയ കടം തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ,വൃദ്ധയെ കമ്പി വടി കൊണ്ട് ആക്രമിച്ച് കൈയൊടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അടിമലത്തുറ സ്വദേശി ഷാജിയാണ് (55) വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. അടിമലത്തുറ എ.കെ.ജി ജംഗ്ഷന് സമീപം ജോണി ഹൗസിൽ മേരിയെയാണ് (64) ഇയാൾ ആക്രമിച്ചത്.
മേരിയുടെ മകൾ അഞ്ച് വർഷം മുൻപ് ഷാജിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഈ തുക തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മേരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി,ഷാജി മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഷാജിയുടെ ആക്രമണത്തിൽ മേരിയുടെ വലതുകൈക്ക് അടിയേറ്റ് പൊട്ടൽ സംഭവിച്ചു. തടയാൻ ശ്രമിച്ച മേരിയുടെ മരുമകനും ചെറുമക്കൾക്കും നിസാര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് അതിവേഗം പിടികൂടുകയായിരുന്നു. പരിക്കേറ്റ വൃദ്ധയുടെയും ബന്ധുക്കളുടെയും പരാതിയിൽ കേസെടുത്ത വിഴിഞ്ഞം പൊലീസ്, പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.