കഴക്കൂട്ടത്ത് നവവധുവിന് ക്രൂര മർദ്ദനം: ഭർത്താവ് അറസ്റ്റിൽ

Wednesday 25 March 2026 2:40 AM IST

കഴക്കൂട്ടം: നവവധുവിനെ ക്രൂരമായി മർദ്ദിച്ച് വാരിയെല്ല് തകർത്ത സംഭവത്തിൽ ഭർത്താവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്‌തു. ചെമ്പഴന്തി അണിയൂർ സ്വദേശി ആസിഫിനെയാണ് (28) പിടികൂടിയത്. ഗുരുതരാവസ്ഥയിലായ ചേങ്കോട്ടുകോണം സ്വദേശി അറഫാ നജുമുദീൻ (22) ചികിത്സയിലാണ്.

കഴിഞ്ഞ ജനുവരി 25നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പുതന്നെ ആസിഫ് അറഫയെ അകാരണമായി മർദ്ദിക്കുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ 17ന് അറഫ ഉമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. അറഫയെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി ആസിഫ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്‌തതിന് പുറമെ, കുപ്പി ഉപയോഗിച്ച് നെഞ്ചിലും വാരിയെല്ലിലും ആഞ്ഞടിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കേസെടുത്ത കഴക്കൂട്ടം പൊലീസ് ആസിഫിനെ അറസ്റ്റുചെയ്‌ത് കോടതിയിൽ ഹാജരാക്കി. യുവതി നിലവിൽ വിദഗ്ദ്ധ ചികിത്സയിലാണ്.