സോണിയാ ഗാന്ധി ആശുപത്രിയിൽ; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തില്ല

Wednesday 25 March 2026 2:45 PM IST

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കി. സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്നാണ് യാത്ര റദ്ദാക്കിയത്. ഇന്ന് കോഴിക്കോട്ട് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു.

വൈകിട്ട് നാലരയ്‌ക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കാനിരിക്കുന്ന മഹാറാലിയിൽ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. കോഴിക്കോട്ടെ പരിപാടിക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന തരത്തിലാണ് രാഹുലിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. ഇതിനായി വൻ സുരക്ഷാ ക്രമീകരണങ്ങൾ കോഴിക്കോട് നഗരത്തിലും വിമാനത്താവളത്തിന്റെ പരിസരത്തും ഒരുക്കിയിരുന്നു. രാഹുലിന്റെ യാത്ര റദ്ദാക്കിയതിന് പിന്നാലെ അദ്ദേഹത്തിന് പകരം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ റാലിയിൽ പങ്കെടുക്കുമെന്നാണ് സൂചന.

ഇന്നലെയാണ് 79കാരിയായ സോണിയാ ഗാന്ധിയെ ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആമാശയത്തിൽ അണുബാധയുണ്ടെന്ന് സംശയമുണ്ടെന്നും കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നും ഗംഗാ റാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് അറിയിച്ചു.