സാറാമ്മ ഏലിയാസ്  കൊലപാതകം: രണ്ട് വർഷമായിട്ടും പ്രതികൾ കാണാമറയത്ത്

Thursday 26 March 2026 12:05 AM IST

കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് (70) കൊല്ലപ്പെട്ടിട്ട് രണ്ട് വർഷം പൂർത്തിയാകുമ്പോഴും പ്രതികളെ പിടികൂടാനാകാതെ അന്വേഷണസംഘം. പട്ടാപകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ലോക്കൽ പൊലീസിനു പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. നിലവിലെ അന്വേഷണം ഫലപ്രദമാണെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കൾ.

രണ്ട് വർഷം നീണ്ട അന്വേഷണത്തിൽ പ്രതികളിലേക്ക് നയിക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ല. കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വിവരം പുറംലോകമറിഞ്ഞത്. ഇത് പ്രതികൾക്ക് സുരക്ഷിതമായി രക്ഷപ്പെടാൻ പശ്ചാത്തലമൊരുക്കി. സംശയനിഴലിലായ ഒട്ടേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും സംഭവദിവസം ടവർ പരിധിയിലുണ്ടായിരുന്ന ആയിരക്കണക്കിന് മൊബൈൽ ഫോൺ നമ്പരുകൾ പരിശോധിക്കുകയും ചെയ്തെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. മാസങ്ങൾ നീണ്ട ലോക്കൽ പൊലീസ് അന്വേഷണം പരാജയപ്പെട്ടതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇതുവരെ വഴിത്തിരിവുണ്ടാക്കാനായില്ല.