ഇടതുപ്രചാരണം ടോപ്പ് ഗിയറിലാക്കി ക്യാപ്ടൻ

Thursday 26 March 2026 12:12 AM IST

കോട്ടയം : ആവേശം അലകടലാക്കിയും, സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണിയുടെ പ്രചാരണം ടോപ്പ് ഗിയറിലാക്കി. കാഞ്ഞിരപ്പള്ളിയിൽ തുടങ്ങി പാലായിൽ അവസാനിപ്പിച്ച പൊതുസമ്മേളനങ്ങളിൽ സർക്കാരിന്റെ പത്തുവർഷത്തെ വികസന നേട്ടങ്ങളും ബി.ജെ.പി, യു.ഡി.എഫ് വിമർശനവും മുഴങ്ങിക്കേട്ടു. കാടിളക്കിയുള്ള പ്രചാരണത്തിനാണ് മുഖ്യമന്ത്രിയുടെ വരവോടെ ഇടതുമുന്നണി തുടക്കമിട്ടത്. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഏറ്റുമാനൂർ, പാലാ എന്നിവിടങ്ങളിൽ പിണറായി പ്രസംഗിച്ചു. മണ്ഡലത്തിന്റെ രൂപവും സ്വഭാവവും അനുസരിച്ചുള്ള വിഷയങ്ങൾക്കു പ്രാധാന്യം നൽകിയുള്ള പ്രചരണമാണ് മുഖ്യമന്ത്രി നടത്തിയത്. കാഞ്ഞിരപ്പള്ളിയിൽ ബി.ജെ.പിയെ ലക്ഷ്യമിട്ടപ്പോൾ ചങ്ങനാശേരിയിലും, ഏറ്റുമാനൂരിലും സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രസംഗം.

ന്യൂസ് പ്രിന്റ് മുതൽ റബർ വരെ വെള്ളൂർ എച്ച്.എൻ.എല്ലിനെ പൂട്ടലിന്റെ വക്കൽ നിന്ന് പുനരുജ്ജീവിപ്പിച്ച് കേരള പേപ്പർ പ്രോഡക്ടാക്കി മാറ്റിയത് ഉദാഹരണമാക്കിയാണ് വികസന നേട്ടങ്ങൾ വിവരിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന രാജ്യത്ത് കെ.പി.പി.എല്ലിന്റേത് കേരള മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. റബറിന്റെ താങ്ങുവില 180 രൂപയിൽ നിന്ന് 200 രൂപയിലേയ്ക്ക് ഉയർത്തിയതും വിലയിടിവിന് കാരണം ആസിയാൻ കരാറും തുടർന്നിങ്ങോട്ട് കോൺഗ്രസ്, ബി.ജെ.പി സർക്കാരുകൾ സ്വീകരിച്ച നയങ്ങളാണെന്നും പിണറായി പറഞ്ഞു. സംസ്ഥാനത്തെ അതി ദാരിദ്ര്യമുക്തജില്ലയായി പ്രഖ്യാപിച്ചതും വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും വനം ഭേദഗതി ബില്ലും പാസാക്കിയത് ഓർമ്മിപ്പിച്ചു.

പ്രതിപക്ഷത്തിന് രൂക്ഷവിമർശനം

പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിന് കോൺഗ്രസ് തടസം നിൽക്കുകയാണ്. ഫണ്ട് തടസപ്പെടുത്തി സംസ്ഥാന വികസനത്തെ വരിഞ്ഞുമുറുക്കുന്ന സമീപനമാണ് ബി.ജെ.പി. നടത്തുന്നത്. ഇക്കാര്യങ്ങളിൽ കോൺഗ്രസും, ബി.ജെ.പിയും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ആത്മവിശ്വാസം വാനോളം  പിണറായിയുടെ വരവോടെ എൽ.ഡി.എഫിന് ക്യാമ്പിന് ഇരട്ടി ആവേശം

 പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടാവാതിരിക്കാൻ സഹായമെന്ന് വിശ്വാസം

 സമ്മേളനങ്ങളിലെ ആൾക്കൂട്ടം മൂന്നാമൂഴത്തിന് വഴിതുറക്കുമെന്ന് വിശ്വാസം