മണ്ണ്ക്ഷാമത്തിൽ മുടന്തി ദേശീയപാത നിർമ്മാണം

Wednesday 25 March 2026 9:05 PM IST

ആലപ്പുഴ : ആവശ്യാനുസരണം മണ്ണ് ലഭ്യമാകാത്തതിനാൽ ജില്ലയിൽ ദേശീയപാത നിർമ്മാണം ഇഴയുന്നു. പറവൂർ- കൊറ്റുകുളങ്ങര റീച്ചിലും കൊറ്റുകുളങ്ങര- കാവനാട് റീച്ചിലെ ഓച്ചിറവരെയുള്ള ഭാഗത്തുമാണ് മണ്ണ് ക്ഷാമം നിർമ്മാണത്തെ പ്രതിസന്ധിയിലാക്കിയത്. കാവനാട്- കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര-- പറവൂർ, പറവൂർ- തുറവൂർ, തുറവൂർ- അരൂർ എന്നിങ്ങനെ നാലു റീച്ചുകളിലായാണ് ജില്ലയിൽ ദേശീയപാത നിർമ്മാണം.

കൊറ്റുകുളങ്ങര- പറവൂർ റീച്ചിലാണ് സംസ്ഥാനത്തു തന്നെ നിർമ്മാണം ഏറ്റവും പിന്നാക്കാവസ്ഥയിലുള്ളത്. കായംകുളം മുതൽ ചേപ്പാട് പില്ലർ ഹൈവേ തുടങ്ങുന്ന ഗവ. യു.പി.എസ് വരെ ആറുവരി പാതയുടെയോ സർവീസ് റോഡുകളുടെയോ നിർമ്മാണം പൂർത്തിയായിട്ടില്ല. പില്ലർ ഹൈവേയുടെ പില്ലറുകളുടെയും സ്പാനുകളുടെയും നിർമ്മാണവും മന്ദഗതിയിലാണ്.. ഹരിപ്പാട് നഗരസഭാ പരിധിലും കന്നുകാലിപ്പാലം വരെയുള്ള ഭാഗത്തും അടിപ്പാതകളുടെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡ് നിർമ്മാണം മണ്ണില്ലാത്തതിനാൽ ആരംഭിക്കാനായിട്ടില്ല.

നാരകത്തറ ജംഗ്ഷനിൽ നിന്ന് കന്നുകാലിപ്പാലം, കരുവാറ്റ , തോട്ടപ്പള്ളി പാലം വരെയുള്ള ഭാഗങ്ങളിലും ദേശീയപാതയ്ക്കായി ഏറ്രെടുത്ത സ്ഥലത്ത് നിർമ്മാണം ഇഴയുന്ന സ്ഥിതിയാണ്.ആവശ്യമായ മണ്ണ് കായംകുളം കായൽ ഖനനം ചെയ്ത് കണ്ടെത്താൻ ആലോചിച്ചെങ്കിലും തീരദേശവാസികളുടെ എതിർപ്പിൽ അത് തടസപ്പെട്ടു. നിർമ്മാണം പൂർത്തിയാകാനുള്ള റീച്ചുകളിൽ റോഡ് നിരപ്പാക്കാനും അടിപ്പാതകളുടെ അപ്രോച്ച് റോഡ് ഉയർത്താനും ദശലക്ഷകണക്കിന് എം.ക്യൂബ് മണ്ണാണ് ആവശ്യമായുള്ളത്.പറവൂർ - തുറവൂർ റീച്ചിൽ മാത്രം 20 ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് വേണം. ഇതിൽ അഞ്ച് ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് ഇതിനോടകം ലഭിച്ചത്. ഇതിനിടെ കഴിഞ്ഞദിവസം ഹരിപ്പാട് ഡാണാപ്പടിയിൽ നിർമ്മാണത്തിലിരുന്ന ഭാഗത്ത് ദേശീയ പാത ഇടിഞ്ഞു.

വേമ്പനാട്ട് കായലിൽ നിന്നുള്ള മണ്ണ് ലഭിച്ചതിനാലാണ് തുറവൂർ- പറവൂർ ഭാഗത്ത് 75ശതമാനം പണികളും പൂർത്തിയായത്.

കരാർ കമ്പനിക്ക് നോട്ടീസ്

1. നിർമ്മാണം വൈകുന്നതിനെതിരെ ദേശീയപാത അതോറിട്ടി കരാർ കമ്പനിയ്ക്ക് നോട്ടീസ് നൽകി

2. കാലവർഷം എത്തും മുമ്പ് മണ്ണ് ലഭ്യമാക്കിയില്ലെങ്കിൽ ഖനനത്തിന് ദുരന്ത നിവാരണ അതോറിട്ടിയുടെ നിയന്ത്രണം വരും

3. മണ്ണ് ക്ഷാമമാണ് നിർമ്മാണങ്ങൾക്ക് തടസമെന്ന് കരാർ കമ്പനിയും ദേശീയ പാത അതോറിട്ടിയും

4. മണ്ണ് ഉറപ്പാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്

നിർമ്മാണം പൂർത്തിയായത്

 അരൂർ- തുറവൂർ റീച്ച് : 87%

 തുറവൂർ- പറവൂർ : 75%