സഹോദരനെ മർദ്ദിച്ചെന്ന് ആരോപിച്ച് യുവാവിന് സംഘമായി മർദ്ദിച്ചു
ആലപ്പുഴ: ക്ഷേത്രോത്സവത്തിനിടയിൽ സഹോദരനെ മർദ്ദിച്ചെന്നാരോപിച്ച് യുവാവിനെ ജ്യേഷ്ഠനും അനുജനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചതായി പരാതി. നെഹ്രുട്രോഫി വാർഡ് പത്തതെങ്ങുങ്കൽ വീട്ടിൽ സംജിത്ത് (28)നാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. പുന്നമട പാലച്ചുവട് ക്ഷേത്രോത്സവത്തിനിടയിൽ വച്ച് പുന്നമട സ്വദേശി ഹരികൃഷ്ണന്റെ ജ്യേഷ്ഠനെ മർദ്ദിച്ചെന്നാരോപിച്ചാണ് പുന്നമട കാവുങ്കൽ ക്ഷേത്രത്തിന് സമീപം നിന്ന സംജിത്തിനെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം മർദ്ദിച്ചത്. ഇരുമ്പുവടികൊണ്ടുള്ള അടി തടയാനുള്ള ശ്രമത്തിനിടെ സംജിത്തിന്റെ വലതു കൈക്ക് പരിക്കേറ്റു. സംജിത്തിന്റെ പരാതിയിൽ ഹരികൃഷ്ണന്റെ സുഹൃത്തുക്കളായ രാഹുൽ, വൈശാഖ് എന്നിവർക്കും കണ്ടാലറിയാവുന്ന അഞ്ചു പേർക്കുമെതിരെ നോർത്ത് പൊലീസ് കേസെടുത്തു. ഒളിവിലായ പ്രതികൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.