പെരുമാറ്റച്ചട്ടലംഘനം: 169 പരാതികൾ
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാനുള്ള സി വിജിൽ മൊബൈൽ ആപ്പ് വഴി ജില്ലയിൽ ഇന്നലെ ഉച്ചവരെ ലഭിച്ചത് 169 പരാതികൾ. എല്ലാ പരാതികളിലും തുടർ നടപടികൾ സ്വീകരിച്ചു. ജില്ലാ കൺട്രോൾ റൂമിലേയ്ക്ക് സി വിജിൽ ആപ്പ് മുഖേന ലഭ്യമാകുന്ന പരാതികൾ ബന്ധപ്പെട്ട ഫീൽഡ് യൂണിറ്റിലേയ്ക്ക് കൈമാറി 100 മിനിറ്റിനുള്ളിൽ പരിഹാരം കാണുന്ന വിധത്തിലാണ് ആപ്പ് ക്രമീകരിച്ചിട്ടുള്ളത്.
പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട ഏതു വിവരവും സിവിജിൽ സംവിധാനത്തിലൂടെ അറിയിക്കാം. പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനിൽ തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റുവരെ ദൈർഘ്യമുള്ള വീഡിയോകൾ, ശബ്ദരേഖകൾ എന്നിവയും നൽകാനാകും. ആപ്പ് വഴി ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കളക്ട്രേറ്റിലെ ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രവർത്തിക്കുന്നുണ്ട്. സ്വന്തം പേരുവിവരങ്ങൾ വെളിപ്പെടുത്തിയും അല്ലാതെയും വിവരം നൽകാം. ഫോണിൽ നേരത്തേ ശേഖരിച്ചിട്ടുള്ള വീഡിയോകളും ഫോട്ടോകളും ആപ്പിൽ അപ്‌ലോഡ് ചെയ്യാനാവില്ല. പരാതി സമർപ്പിക്കുമ്പോൾ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതി ട്രാക്ക് ചെയ്യാനും സാധിക്കും. സിവിജിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്: https://play.google.com/store/apps/details?id=in.nic.eci.cvigil. മോണിട്ടറിംഗ് സെൽ ഫോൺ: 0477 2999584.