വിതുര ഹൈസ്കൂൾ ജംഗ്ഷനിൽ തെരുവ്നായ്ക്കൾ വിലസുന്നു

Thursday 26 March 2026 1:22 AM IST

വിതുര: വിതുര ഹൈസ്കൂൾ ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചതായി പരാതി. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ നിന്നും വിതുര ഗവൺമെന്റ് ഹൈസ്കൂൾ, യു.പി.എസ്, താലൂക്ക് ആശുപത്രി, പഞ്ചായത്ത് ഓഫീസ്, സബ്ട്രഷറി, പഞ്ചായത്ത് കമ്മ്യൂണിറ്റിഹാൾ, മൃഗാശുപത്രി എന്നീ പ്രധാന കേന്ദ്രങ്ങളിലേക്ക് പോകുന്ന പ്രധാന റോഡിലാണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം. അനവധി പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പേവിഷബാധയുള്ള നായ്ക്കളും വീഥികളിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ട്.

വിതുര ഗവൺമെന്റ് ഹൈസ്കൂൾ, യു.പി.എസ് എന്നിവിടങ്ങളിലായി നാലായിരത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ആശുപത്രിയിൽ മരുന്നുവാങ്ങാൻ പോകുന്ന രോഗികളും വലയുകയാണ്.

തെരുവ് നായശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയായിട്ടില്ല. തെരുവുനായ ശല്യത്തിൽ നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നായശല്യത്തിൽ വിതുര മേഖലയിലെത്തുന്ന ടൂറിസ്റ്റുകളും ബുദ്ധിമുട്ടിലാണ്.