അപവാദ പ്രചാരണം ഒഴിവാക്കണം
വാശിയേറിയ തിരഞ്ഞെടുപ്പാകുമ്പോൾ ജയിക്കാൻ പല അടവുകളും മുന്നണികൾ പയറ്റുക സ്വാഭാവികമാണ്. എന്നാൽ വ്യക്തിപരമായി സ്ഥാനാർത്ഥികളെ മോശമായ പദങ്ങൾ ഉപയോഗിച്ച് അവഹേളിക്കുന്നതും അപവാദ പ്രചാരണങ്ങൾ നടത്തുന്നതും ഒഴിവാക്കേണ്ടതാണ്. മുസ്ളിംലീഗ് സംസ്ഥാനാദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്‌ബുക്കിലൂടെ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ ലീഗിന്റെ പരാതി പ്രകാരം മലപ്പുറം സൈബർ പൊലീസ് കേസെടുത്തിരിക്കുകയാണ്. വ്യാജമായി ഫേസ്‌ബുക്ക് വിലാസമുണ്ടാക്കി വിദേശത്തെ ഫോൺ നമ്പർ നൽകി വി.പി.എൻ വഴി ലോഗിൻ ചെയ്താണ് തങ്ങളെ വ്യക്തിപരമായി അപമാനിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ഈ പോസ്റ്റ് ഒരു ചാനൽ ഓൺലൈനിൽ പ്രസിദ്ധീകരിച്ചെങ്കിലും വിവാദമായപ്പോൾ നീക്കം ചെയ്തു. വൈകാതെ പോസ്റ്റും പിൻവലിക്കപ്പെട്ടു. ഇതിന്റെ പേരിൽ ഇടതുമുന്നണി പ്രവർത്തകരും ലീഗ് പ്രവർത്തകരും സൈബറിടങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയും ചെയ്യുന്നു. അതുപോലെ തന്നെ, ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും സ്ഥാനാർത്ഥികൾ ഒഴിവാക്കേണ്ടതാണ്. ആശയപരമായ സംവാദങ്ങൾക്കപ്പുറം സമുദായങ്ങളുടെ വികാരങ്ങൾ ഇളക്കിവിടുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒരു സ്ഥാനാർത്ഥിയിൽ നിന്നും ഉണ്ടാകാൻ പാടില്ല. എല്ലാ മണ്ഡലങ്ങളിലും എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും വോട്ടർമാരായുണ്ട്. ജാതി തിരിച്ചല്ല, പകരം തുല്യ അവകാശമുള്ള വോട്ടർമാരായാണ് അവരെ കാണേണ്ടതും വോട്ട് ചോദിക്കേണ്ടതും.
ഇത് ലംഘിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തിരിക്കുകയാണ്. ഇതിന്റെ തെറ്റും ശരിയുമൊക്കെ ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ഉണ്ടാകുമ്പോൾ മാത്രമേ തീരുമാനിക്കാനാവൂ. എന്തായാലും ഇത്തരം കേസുകൾ ഉടലെടുക്കാനുള്ള സാഹചര്യങ്ങൾ രാഷ്ട്രീയ നേതാക്കൾ ഒഴിവാക്കുന്നതാണ് ഉത്തമം. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കൾ വാക്കുകൾ വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട സമയം കൂടിയാണ് തിരഞ്ഞെടുപ്പ് കാലം. എതിർ മുന്നണിയിലെ നേതാവിന്റെ മോശപ്പെട്ട ഒരു വാക്കു മതി, ജയസാദ്ധ്യത കുറഞ്ഞ സ്ഥാനാർത്ഥി പോലും നല്ല ഭൂരിപക്ഷം നേടി വിജയിക്കാൻ. അതിന് മുൻകാലങ്ങളിലെ പല ഉദാഹരണങ്ങളും നമുക്ക് ചൂണ്ടിക്കാണിക്കാനാവും. നാടിന്റെ വികസനവും ജനക്ഷേമവും പറയുന്ന രാഷ്ട്രീയമാണ് മുന്നണികൾ മുന്നോട്ടു വയ്‌ക്കേണ്ടത്. അല്ലാതെ ചില അനാവശ്യ പദങ്ങൾ ഉപയോഗിച്ച് മത്സര രംഗത്തുള്ള സ്ഥാനാർത്ഥിയെ ഇകഴ്‌ത്തിക്കാട്ടാൻ ആര് ശ്രമിച്ചാലും അത് തിരിച്ചടിക്കാനാണ് സാദ്ധ്യത കൂടുതൽ.
വോട്ടെടുപ്പ് ദിവസം അടുത്തുവരുന്തോറും വാശി കൂടിവരുമെന്നതിനാൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വ്യാജ വീഡിയോകളും ഓഡിയോകളുമൊക്കെ ഇറങ്ങാൻ ഇടയില്ലെന്ന് കരുതാനാവില്ല. നല്ല നിലയിലുള്ള പ്രബുദ്ധത പുലർത്തുന്നവരാണ് കേരളത്തിലെ ജനങ്ങൾ. അവർക്ക് വ്യാജ പ്രചാരണങ്ങൾ വേഗത്തിൽ മനസിലാക്കാനാവും. എന്നിരുന്നാലും ഇത്തരം കള്ളപ്രചാരണങ്ങൾ ഒരു ചെറിയ വിഭാഗം ജനങ്ങൾക്കിടയിലെങ്കിലും ആശയക്കുഴപ്പം താത്‌കാലികമായിട്ടെങ്കിലും സൃഷ്ടിക്കാൻ ഇടയാക്കും. അതിനാൽ ഇത്തരം ചെയ്തികളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കുന്നതാണ് വിവേകം. രാഷ്ട്രീയ മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും പാലിച്ചുകൊണ്ടുള്ള, അന്തസുള്ള പ്രചാരണമാണ് ജനാധിപത്യത്തിന് കൂടുതൽ കരുത്ത് പകരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ചിത്രം പൂർത്തിയായ സ്ഥിതിക്ക് ഇനി ആശയപരമായ സംവാദങ്ങൾക്കു വേണം മുൻതൂക്കം നൽകേണ്ടത്.