തീ പാറുന്നു...അന്തരീക്ഷത്തിനും പ്രചാരണത്തിനും

Thursday 26 March 2026 12:19 AM IST

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീപാറും പോരാട്ടത്തിനിടെ അന്തരീക്ഷത്തിനും തീച്ചൂട്..! ഇന്നലെയും ഇന്നും സാധാരണ താപനിലയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഞ്ഞയും ചുവപ്പും അലർട്ട് മഴക്കാലത്ത് മാത്രം കണ്ട നമുക്ക് മുന്നിലേക്കിതാ ഇന്ന് മറ്റൊരു മഞ്ഞ അലർട്ട്, അന്തരീക്ഷ താപനില ഉയർന്നതിന്റെ അടിസ്ഥാനത്തിലാണിത്.

ഇന്നില്ലെങ്കിൽ ഇനിയെന്ത് എന്ന ചോദ്യവുമായി കളംനിറയുന്ന സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും തീച്ചൂടിനെയും വകവയ്ക്കാതെയാണ് വോട്ട് തേടി നാടും നഗരവും കാൽനടയായി പിന്നിടുന്നത്. കവലകളിലെ മൈതാനപ്രസംഗത്തിനും അപ്പുറം ഓരോ വീടുകളിലും നടന്നെത്തുന്നുണ്ട് സ്ഥാനാർത്ഥികളും പ്രവർത്തകരും. വ്യത്യസ്ത സ്ഥാനാർത്ഥികളുടെ ചൂടേറിയ പര്യടനങ്ങളിലൂടെയൊരു യാത്ര.

കഞ്ഞി കുടിച്ച് പ്രതിരോധമെന്ന് പ്രതാപൻ

കോൾപ്പാടവും പാറയും ചെമ്മണ്ണും നിറഞ്ഞ മണലൂരിൽ രൂക്ഷമായ ചൂടാണ്. തലയിൽ മുടികുറഞ്ഞ ഭാഗത്ത് ഇടയ്ക്ക് സൂര്യാതപമേറ്റു. തുറന്ന ജീപ്പിലും പിന്നെ കാൽനടയായും മണിക്കൂറുകൾ പ്രചാരണത്തിനിറങ്ങുകയല്ലേ. രാവിലെ എട്ടോടെ തന്നെ പ്രചാരണത്തിനിറങ്ങും. മൂന്നുനേരവും കഞ്ഞി കുടിക്കും. പിന്നെ ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കും. നിർജലീകരണം ഒഴിവാക്കാൻ വെള്ളം കുടിക്കും. സ്‌നേഹവും സൗഹൃദവും കാണുമ്പോൾ സൂര്യാതപത്തെ വിസ്മരിക്കുകയാണ്.

സമയം ക്രമീകരിച്ചെന്ന് സേവ്യർ

ചൂട് കൂടിയതോടെ പ്രചാരണസമയത്തിനും ക്രമീകരണം ഏർപ്പെടുത്തിയെന്ന് വടക്കാഞ്ചേരിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി. രാവിലെ ഏഴിന് പ്രചാരണ രംഗത്തേക്കിറങ്ങും. ഉച്ചയ്ക്ക് 12ന് മുൻപേ പ്രചാരണം അവസാനിപ്പിക്കും. പിന്നീട് വെയിൽ താഴ്ന്നശേഷം വീണ്ടും ഇറങ്ങും. ഭക്ഷണം സാധരണനിലയിൽ തന്നെ കഴിക്കുമെങ്കിലും പ്രചാരണസമയങ്ങളിലെല്ലാം വെള്ളവും കൊണ്ടുപോകാറുണ്ടെന്ന് അദ്ദേഹം പറയുന്നു.

കുറച്ചല്ലേയുള്ളൂ, കൂടുതൽ പ്രചാരണത്തിന് നാഗേഷ്

കടുത്ത ചൂടുണ്ടെങ്കിലും കുറച്ചുകാലമല്ലേയുള്ളൂവെന്ന ധാരണയിൽ കൂടുതൽ സമയം പ്രചാരണത്തിന് ഇറങ്ങുന്നുണ്ടെന്ന് പുതുക്കാട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി എ.നാഗേഷ്. രാവിലെ നേരത്തെ പ്രചാരണത്തിനിറങ്ങും. ഉച്ചസമയത്ത് അൽപ്പം വിശ്രമം പിന്നീട് വീണ്ടും പ്രചാരണ രംഗത്തേക്ക്. രാത്രി വൈകും വരെ വീടുകളും കടകമ്പോളങ്ങളും കയറിയിറങ്ങുന്നുണ്ട്. വെള്ളം കൃത്യമായി കുടിക്കുന്നുണ്ടെന്ന് നാഗേഷ് പറഞ്ഞു.