"ഇരട്ട" പുതുജീവിതം

Thursday 26 March 2026 12:24 AM IST

  • ഇരട്ടസഹോദരിമാർക്ക് വരന്മാരായി ഇരട്ട സഹോദരന്മാർ

കൊടകര : ഇരട്ട സഹോദരിമാർക്ക് വരന്മാരായി ഇരട്ട സഹോദരന്മാർ. മനക്കുളങ്ങര നാരായണത്തോട്ടത്തിൽ ശോഭനന്റെയും സുനിതയുടെയും മക്കളായ അഞ്ജലിക്കും അഞ്ജിതയ്ക്കും വരന്മാരായെത്തിയത് ഇരട്ട സഹോദരന്മാരായ അനീഷും അനൂപുമാണ്. സഹോദരിമാർ ഇരുവരും കൊരട്ടി ടെക്‌നോ പാർക്കിൽ ഉദ്യോഗസ്ഥരാണ്. അനീഷും, അനൂപും മുംബയ്‌യിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ്. ഇരുവർക്കും വ്യത്യസ്ത സ്ഥാപനങ്ങളിലാണ് ജോലി.

പീച്ചിക്കടുത്ത് കണ്ണാറ കടയത്ത് വീട്ടിൽ വാസുവിന്റെയും വത്സലയുടെയും മക്കളാണ് അനീഷും അനൂപും. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്നലെ രാവിലെ ആറരയ്ക്കായിരുന്നു ഇരുവരുടെയും താലി ചാർത്തൽ. വിവാഹസത്കാരം നെല്ലായി കൊളത്തൂർ കാവല്ലൂർ ഓഡിറ്റോറിയത്തിൽ നടന്നു.

വരന്മാരുടെ കുടുംബം മുംബയ്‌യിൽ സ്ഥിരതാമസമാണ്. വാസു മുംബയ്‌യിൽ വ്യവസായ സ്ഥാപനം നടത്തുന്നു. വത്സല മുംബയ്‌യിൽ ആദ്ധ്യാപികയാണ്. അഞ്ജലിയുടെയും അഞ്ജിതയുടെയും പിതാവ് ശോഭനൻ കൊടകരയിൽ ടെക്‌സ്റ്റൈൽസ് വ്യാപാരിയും മാതാവ് സുനിത കുടുംബിനിയുമാണ്. ഒറ്റനോട്ടത്തിൽ അനീഷും അനൂപും മാറിപ്പോകും. എന്നാൽ അഞ്ജലിയെയും അഞ്ജിതയെയും കണ്ടാൽ ചെറിയ വ്യത്യാസമുണ്ട്.

ഇരട്ടകളായ മക്കൾക്ക് ഇരട്ട സഹോദരങ്ങളെ വരന്മാരായി ലഭിക്കണമെന്ന ആഗ്രഹത്തിലായിരുന്നു വിവാഹാലോചന ആരംഭിച്ചത്. ഒടുവിൽ ഏജൻസി വഴിയാണ് ഈ ആലോചനയെത്തിയത്.

ശോഭനൻ

പെൺകുട്ടികളുടെ പിതാവ്