നേമത്ത് സ്ഥാനാർത്ഥികളുടെ പടയോട്ടം

Thursday 26 March 2026 2:24 AM IST

നെയ്യാറ്റിൻകര: മണ്ഡലം നിലനിറുത്താൻ എൽ.ഡിഎഫും കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ ബി.ജെ.പിയും കോൺഗ്രസും ഒന്നു പോലെ പൊരുതി നേമം മണ്ഡലത്തിൽ തീ പാറും പോരാട്ടം. എൽ.ഡി.എഫ് സ്ഥാനാ‌ർത്ഥി ഇന്നലെ രാവിലെ കാലടി,കമലേശ്വരം വാർഡുകളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. നാടിന്റെ സമഗ്ര പുരോഗതിക്കായി തിരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ചാണ് വി.ശിവൻകുട്ടിയും പ്രവ‌‌ർത്തകരും സമ്മതിദായകരെ കാണുന്നത്. കാലടി,കമലേശ്വരം,ആറ്റുകാൽ വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥനയും പര്യടനവും.കാലടി വാർഡിലെ പനങ്ങാട്ട് കടവ്,താമരം,പരപ്പിച്ചൻ വിള, വിളയിൽ റോഡ് എന്നിവിടങ്ങളിൽ നടന്ന കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥി പങ്കെടുത്തു.

യു.ഡി.എഫ് സ്ഥാനാ‌ർത്ഥി കെ.എസ്.ശബരിനാഥൻ തിരുമല മേഖലയിൽ ഭവന സന്ദർശനവും ജംഗ്ഷനിലെ വ്യാപാരസ്ഥാപനങ്ങളും വീടുകളും സന്ദ‌ർശിച്ച് വോട്ടഭ്യർത്ഥന നടത്തി.കരമനയിൽ ആരംഭിച്ച നേമം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശശിതരൂർ എം.പി ഉദ്ഘാടനം ചെയ്തു.കെ എസ് ശബരീനാഥനു നൽകുന്ന വോട്ട് ഭാവി കേരളത്തിനും വരും തലമുറയ്ക്കും ഉള്ള വോട്ടാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഡോ. ശശി തരൂർ പറഞ്ഞു.തുടർന്ന് കരമന ജംഗ്ഷനിൽ കടകൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.

എൻ.ഡി.എ സ്ഥാനാ‌ർത്ഥി രാജീവ് ചന്ദ്രശേഖർ ഗൃഹസന്ദർശനത്തിനും സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്കുമാണ് കൂടുതൽ സമയവും ചെലവിട്ടത്. ബി.ജെ.പി അദ്ധ്യക്ഷൻ എന്ന നിലയിൽ മറ്റ് ജില്ലാതല പ്രവർത്തനങ്ങൾക്കും രാജീവ് ചന്ദ്രശേഖറിന് പങ്കെടുക്കേണ്ടിവന്നു. ബി.ജെ.പി കൊല്ലം വെസ്റ്റ്‌ ജില്ലാ കാര്യാലയം ഉദ്ഘാടനം ,കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന 'വോട്ടും വാക്കും' സംവാദം എന്നിങ്ങനെ മണ്ഡലം വിട്ടുള്ള പരിപാടികളിലും ഇന്നലെ പങ്കെടുത്തു.