സ്പർശനത്തിലൂടെ കുരിശിന്‍റെ വഴി
Thursday 26 March 2026 12:29 AM IST
തൃശൂർ: കാഴ്ചപരിമിതിയുള്ളവർക്ക് സ്പർശനത്തിലൂടെ അനുഭവിച്ചറിയാവുന്ന കുരിശിന്റെ വഴി ഒരുങ്ങുന്നു. ജ്യോതി എൻജിനീയറിംഗ് കോളേജിലെ സംനിത സോഷ്യൽ ഇൻക്ലൂഷൻ ലാബും പുനർജീവ ടെക്‌നോളജി സൊല്യൂഷനും ചേർന്നാണ് എ.ഐ അധിഷ്ഠിത ത്രീഡി ടാക്റ്റെൽ ശിൽപ്പങ്ങൾ രൂപകൽപ്പന ചെയ്തത്. ഓരോ സ്ഥലത്തെയും വിവരിക്കുന്ന ബ്രെയിലി ലിപിയിലുള്ള കുറിപ്പുകൾക്കൊപ്പം സ്മാർട്ട് ഫോൺ വഴി സ്‌കാൻ ചെയ്യാവുന്ന ക്യുആർ കോഡ് ഓഡിയോ സംവിധാനവും ഇതിലുണ്ട്. 28ന് വൈകിട്ട് അഞ്ചിന് പുത്തൻപള്ളിയിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം നിർവഹിക്കും. കോളേജ് അക്കാഡമിക് ഡയറക്ടർ ഫാ. ഡോ. ജോസ് കണ്ണമ്പുഴ, രശ്മി രവീന്ദ്രനാഥൻ, കെ.ജെ.ജിനേഷ്, ഡോ. എം.ഐ.ഷൈനി, ജോർജ് ചിറമേൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.