ആരെ വിശ്വസിച്ച് കഴിക്കും! വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണികൾ; 50 ലക്ഷം പിഴ ചുമത്തി റെയിൽവെ
ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്‌പ്രസിൽ യാത്രക്കാർക്ക് നൽകിയ ഭക്ഷണത്തിൽ പ്രാണികളെ കണ്ടത്തി. യാത്രക്കാരിലൊരാൾ പങ്കുവച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനുപിന്നാലെ നിരവധി യാത്രക്കാർ സമാനരീതിയിലുള്ള പരാതികളുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം പാറ്റ്‌ന-ടാറ്റാനഗർ വന്ദേഭാരത് എക്‌സ്‌പ്രസിൽ വിതരണം ചെയ്‌ത ഭക്ഷണത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റെയിൽവേ മന്ത്രാലയം ഭക്ഷണവിതരണക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചു.
സംഭവത്തിൽ റെയിൽവേ ടൂറിസം ആന്റ് കാറ്ററിംഗ് കോർപ്പറേഷന് (ഐആർസിടിസി) 10 ലക്ഷം രൂപയും ഭക്ഷണവിതരണം നടത്തുന്ന കരാറുകാരന് അമ്പതിനായിരം രൂപയും റെയിൽവേ പിഴ ചുമത്തി. കൂടാതെ, വിതരണക്കാരന്റെ കരാർ റദ്ദാക്കുകയും ചെയ്‌തു.
വന്ദേഭാരതിൽ നിന്ന് വാങ്ങിയ അമൂൽ കമ്പനിയുടെ തൈരിൽ പ്രാണികളെ കണ്ടെത്തിയതിന്റെ വീഡിയോയാണ് യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതോടെ വന്ദേഭാരത് എക്‌സ്‌പ്രസ് പോലുള്ള പ്രീമിയം ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയിൽ ആളുകൾ ആശങ്ക പ്രകടിപ്പിക്കാൻ തുടങ്ങി. അതേസമയം, യാത്രക്കാരുടെ സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്‌ചയില്ലെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ മന്ത്രാലയം കൂട്ടിച്ചേർത്തു.