കറന്റ് ബില്ലിനെക്കുറിച്ച് ആലോചിച്ച് പേടിക്കേണ്ട; ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചാൽ മതി
Thursday 26 March 2026 1:43 PM IST
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാചകവാതകം ക്ഷാമം ഇന്ത്യയിൽ ശക്തമായി നേരിടുന്നുണ്ട്. പലർക്കും ഗ്യാസ് സിലിണ്ടർ കിട്ടുന്നില്ല. അതിനാൽ കൂടുതൽപേരും വിറക് അടുപ്പും ഇൻഡക്ഷൻ കുക്കറുമാണ് ഉപയോഗിക്കുന്നത്. വിറക് അടുപ്പുകൾ ഫ്ലാറ്റിൽ ഉള്ളവർക്ക് ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ അവർ പൂർണമായും ഇൻഡക്ഷനാണ് ഉപയോഗിക്കുക.
ഒട്ടേറെ കാര്യങ്ങളിൽ ഗ്യാസിനേക്കാൾ സുരക്ഷിതവും സൗകര്യവുമാണ് ഇൻഡക്ഷൻ കുക്കർ. പുകയില്ലാത്തതിനാൽ ശ്വാസകോശ പ്രശ്ങ്ങൾ ഉള്ളവർക്ക് പ്രശ്നം ഉണ്ടാക്കുന്നില്ല. എന്നാൽ ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗം വെെദ്യുതി ചെലവ് കൂട്ടുമെന്നതാണ് പലരെയും വിഷമിപ്പിക്കുന്ന കാര്യം. പക്ഷേ പാചകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലാഭകരമായ രീതിയിൽ ഇവ ഉപയോഗിക്കാൻ കഴിയും. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?
- ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യുമ്പോൾ എപ്പോഴും ശരിയായ പാത്രം തിരഞ്ഞെടുക്കണം. കുക്കറിന്റെ പ്രതലത്തിൽ കാണിച്ചിരിക്കുന്ന വൃത്തത്തെക്കാൾ കൂടിയ വട്ടമുള്ളപാത്രം ഉപയോഗിക്കുക. ഇത് വേഗത്തിൽ ആഹാരം പാകമാകാൻ സഹായിക്കുന്നു
- ഇൻഡക്ഷൻ ബേസ് ഉള്ള പാത്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. പാത്രം വച്ചതിനുശേഷം മാത്രമേ ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യാൻ പാടുള്ളൂ. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷം മാത്രമേ പാത്രം മാറ്റാവൂ.
- ഇൻഡക്ഷൻ കുക്കറിൽ ഓൺ ചെയ്യുന്നതിന് മുൻപ് തന്നെ പച്ചക്കറികൾ അരിഞ്ഞ് അടുത്തെടുത്ത് വയ്ക്കുക. മസാലകളും അടുത്തുതന്നെ വയ്ക്കണം. അപ്പോൾ വേഗം അവ കറിയിൽ ചേർക്കാം. തിരക്കി നടന്ന് സമയം കളയേണ്ട.
- പാകം ചെയ്യുമ്പോൾ എപ്പോഴും പാത്രം അടച്ച് വയ്ക്കണം. ഇത് ചൂട് പുറത്തുപോകാതെ തടയുന്നു. ആഹാരം വേഗം പാകമായി കിട്ടാനും ഇത് സഹായിക്കുന്നു.
- തുടക്കത്തിൽ ഹെെപവറിൽ വച്ചാലും പിന്നീട് 500വോൾട്ടേജ് - 800 വോൾട്ടേജ് പോലുള്ള ലോപവറിലേക്ക് മാറ്റുന്നത് വെെദ്യുതി ലാഭിക്കാൻ സഹായിക്കും.
- ഭക്ഷണം പാകം ആകുമ്പോൾ മെഷീൻ തനിയെ ഓഫ് ആകാൻ ടെെമർ സെറ്റ് ചെയ്യുന്നത് നല്ലതാണ്.