പല്ലൻ സാബുവിന്റേതോ ആ അസ്ഥികൂടം?​

Friday 27 March 2026 12:58 AM IST

കൊച്ചി: എറണാകുളം നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തിയ അസ്ഥികൂടം കൊച്ചി പൊലീസിന്റെ ‘റഡാറി’ൽ നിന്ന് അപ്രത്യക്ഷനായ കുപ്രസിദ്ധ കുറ്റവാളിയുടേതോ? സൗത്ത് മേൽപ്പാലത്തിന് താഴെ ഫാക്ടി​ന്റെ പഴയ കെട്ടിടത്തിൽ ഒരു മാസത്തിലേറെ പഴക്കമുള്ള അസ്ഥികൂടം കണ്ടത് ഒരാഴ്ച മുമ്പ്. സമീപം കാണപ്പെട്ട മൊബൈൽ ഫോണും ലാപ്ടോപ്പും ട്രെയിൻ യാത്രക്കാരിൽ നിന്ന് കവർന്നതാണെന്ന് കടവന്ത്ര പൊലീസ് സ്ഥിരീകരിച്ചിരുന്നു. തുട‌രന്വേഷണത്തിലാണ് നഗരത്തിലെ മോഷ്ടാവായിരുന്ന കുറ്റവാളിയിലേക്ക് സംശയമുന എത്തി നിൽക്കുന്നത്.

പഴയ ക്രൈംറിക്കാർഡുകൾ പരിശോധിച്ച പൊലീസ് ഒരു കാര്യം ഉറപ്പിച്ചു. എറണാകുളം നഗരം കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്ന പല്ലൻ സാബു എന്ന സാബു മൂന്ന് മാസമായി മിസിംഗാണ്. കേരളത്തിലെ ജയിലുകളിൽ ആളി​ല്ലെന്ന് സ്ഥിരീകരിച്ചു. തങ്ങാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളും ബന്ധപ്പെടുന്ന കുറ്റവാളികളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും വ്യക്തമായി,​ പല്ലൻ സാബു ഈസ് മിസിംഗ്.

പല്ല് പൊങ്ങി പല്ലനായി

സാബുവിന്റെ മുൻവരി പല്ലുകൾ അൽപ്പം പൊങ്ങിയതാണ്. മോഷണ സംഘങ്ങൾ കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി സാബുവിനെ പല്ലൻ എന്ന ഓമനപ്പേരിട്ട് വിളിക്കാൻ തുടങ്ങിയതും അങ്ങനെയാണ്. പട്ടിമറ്റത്തെ കുടുംബവീട്ടിൽ സഹോദരൻ ജീവിച്ചിരിപ്പുണ്ട്. നാട്ടുകാർക്ക് പല്ലനെക്കുറിച്ച് അറിവില്ല. 59 വയസുണ്ടെന്നാണ് പൊലീസ് നി​ഗമനം. കാൽ നൂറ്റാണ്ടിലേറെയായി എറണാകുളം കേന്ദ്രീകരിച്ചാണ് മോഷണവും പിടിച്ചു പറിയും. സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളിലാണ് താമസം. അസ്ഥികൂടം കണ്ടെത്തിയതും അത്തരമൊരു കെട്ടിട‌ത്തിലാണ്.

പോക്കറ്റടിക്കാരുടെ സംഘത്തലവൻ

ബസുകളിലും ട്രെയിനുകളിലും പോക്കറ്റടിക്കുന്നതും യാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിക്കുന്നതുമാണ് പതിവ്. ഒരു കാലത്ത് 150ലേറെ പോക്കറ്റടിക്കാർ ഇയാൾക്ക് കീഴിൽ സജീവമായിരുന്നു. ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന കേസുകളിലും പ്രതിയാണ്. 2014ൽ കഞ്ചാവുമായി കണ്ണമാലി പൊലീസിന്റെ പിടിയിലായി. സമീപകാലത്ത് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഡി.എൻ.എ പരിശോധനയ്ക്ക് പൊലീസ്

ഡി.എൻ.എ പരിശോധനയ്ക്കായി അസ്ഥികൂടത്തിൽ നിന്ന് സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. സഹോദരന്റെ സാംപിൾ ശേഖരിച്ച ശേഷം പരിശോധനയ്ക്ക് അയക്കും.എറണാകുളം ജനറൽ ആശുപത്രിയിലുള്ള അസ്ഥികൂടം ഉടൻ പോസ്റ്റ്മോർട്ടം ചെയ്യും. മരണകാരണം ഇതി​ലൂടെ ലഭി​ക്കുമെന്നാണ് പ്രതീക്ഷ.