അപ്പാർട്ട്മെന്റിന്റെ മറവിൽ 75 ലക്ഷം രൂപയുടെ തട്ടിപ്പ്: വ്യാജ ഉടമ അറസ്റ്റിൽ

Friday 27 March 2026 1:19 AM IST

കൊച്ചി: എറണാകുളം നഗരത്തിലെ ആഡംബര അപ്പാർട്ട്മെന്റിന്റെ ഉടമയെന്ന വ്യാജേന യുവതിയുൾപ്പെടെ 5 പേരിൽ നിന്നായി 75 ലക്ഷം രൂപ തട്ടിയെടുത്ത ബ്രോക്കറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിൽ താമസിക്കുന്ന കാസർകോഡ് സ്വദേശി പി.കെ. രാജ്മോഹനാണ് (42) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,

കലൂർ ജഡ്ജസ് അവന്യുവിന് സമീപത്തെ ഗാർഡേനിയ അപ്പാർട്ട്മെന്റിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. അപ്പാർട്ട്മെന്റിലെ 5 കെട്ടിടങ്ങളുടെ ഉടമയെന്ന വ്യാജേനയാണ് ആളുകളിൽ നിന്ന് കരാ‌ർ‌ ഒപ്പിട്ട് 75 ലക്ഷം തട്ടിയത്. യഥാർത്ഥ ഉടമയായ സലിം അപ്പാ‌ർട്ട്മെന്റുകൾ വാടകയ്ക്ക് കൊടുക്കാൻ രാജ്മോഹനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്. 15 ലക്ഷം രൂപ വീതം ഈടാക്കിയാണ് 5 പേർക്ക് പാട്ടത്തിന് നൽകിയത്. അപ്പാ‌ർട്ട്മെന്റിന്റെ കെയർ ടേക്കർക്കും തട്ടിപ്പിൽ പങ്കുള്ളതായി പൊലീസ് പറഞ്ഞു. അപ്പാർട്ട്മെന്റ് കാണാനെത്തിയവരോട് രാജ്മോഹനെ ഉടമസ്ഥനെന്ന് പരിചയപ്പെടുത്തിയത് കെയർ ടേക്കറായിരുന്നു.

രാജ്മോഹന്റെ ഭാര്യ പ്രിയംവദ, മകൻ ദേവരാജ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2025 ജൂലൈയിലായിരുന്നു പണം അയച്ചു കൊടുത്തത്. കഴിഞ്ഞദിവസം യഥാർത്ഥ ഉടമ അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് കെട്ടിടങ്ങൾ പാട്ടത്തിന് നൽകിയതായി അറിയുന്നത്.

പണം നഷ്ടപ്പെട്ട എളങ്കുന്നപ്പുഴ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് രാജ്മോഹൻ, ഭാര്യ പ്രിയംവദ ഉൾപ്പെടെ അഞ്ചു പേരെ പ്രതികളാക്കി കേസെടുത്തത്. കെയർ ടേക്കർ സുനീഷ്, ബ്രോക്കർ പ്രശാന്ത്, സുധീർ എന്നിവരാണ് മറ്റ് പ്രതികൾ. കരാർ ഉൾപ്പെടെ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പിനിരയായ മറ്റ് നാലു പേരുടെ മൊഴി ഉടൻ രേഖപ്പെടുത്തും.