അമ്മയെ കാണാനില്ലെന്ന് പരാതിയുമായി മകള്‍; ഒപ്പമുണ്ടായിരുന്നത് ഒരു യുവാവ്, വമ്പന്‍ ട്വിസ്റ്റ്

Thursday 26 March 2026 9:13 PM IST

ഹൈദരാബാദ്: ഒരു വര്‍ഷം മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം വീടിനുള്ളില്‍ നിന്ന് കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ മാന്‍ മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് വന്‍ ട്വിസ്റ്റ് സംഭവിച്ചത്. തെലങ്കാനയിലെ മല്‍കജ്ഗിരിയിലാണ് സംഭവം അരങ്ങേറിയത്.

കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലായിരുന്നു ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ കാണാതായ യുവതിയുടെ മകളിലേക്കും ഇവരുടെ കാമുകനായ മോണ്ടി കുമാര്‍ സിംഗിലേക്കും ചില സംശയങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. തങ്ങളുടെ പ്രണയബന്ധം എതിര്‍ത്ത അമ്മയെ പെണ്‍കുട്ടി കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തുകയും വീട്ടിനുള്ളില്‍ തന്നെ കുഴിച്ചിടുകയുമായിരുന്നു. മാത്രവുമല്ല ഇതേ വീട്ടില്‍ തന്നെയാണ് ഇത്രയും നാള്‍ പെണ്‍കുട്ടി താമസിച്ചിരുന്നതും.

45കാരിയായ അഞ്ജു ആണ് കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡില്‍ നിന്ന് കുറച്ച് കാലം മുമ്പാണ് ജോലി തേടി അമ്മയും മ്കളും ഇവിടേക്ക് എത്തിയത്. വീട്ടുജോലി ചെയ്താണ് അഞ്ജു ജീവിച്ചിരുന്നത്. ഇളയ മകള്‍ പ്രദേശത്തെ ഡ്രൈവറായ മോണ്ടി കുമാര്‍ സിംഗുമായി (22) ബന്ധം സ്ഥാപിച്ചു. ഈ ബന്ധത്തെ എതിര്‍ത്ത് അഞ്ജു നേരത്തെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ബന്ധത്തെ ശക്തമായി എതിര്‍ത്ത അമ്മയെ ഇതോടെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പ്രണയബന്ധം എതിര്‍ത്തതിലെ പക കാരണം മകളും കാമുകനും ചേര്‍ന്ന് കത്തി ഉപയോഗിച്ച് അഞ്ജുവിനെ കൊലപ്പെടുത്തുകയായിരുന്നു. ആദ്യം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു, പിന്നീട് തെളിവ് ഇല്ലാതാക്കാന്‍ അവര്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു. മൂത്ത മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍, അമ്മ പുറത്തുപോയി എന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. പിറ്റേന്ന്, മൂത്ത മകള്‍ ജോലിക്ക് പോയതിനുശേഷം, ഇരുവരും ചേര്‍ന്ന് മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട് തറയില്‍ സിമന്റ് ഇടുകയായിരുന്നു.

എലികളുടെ കുഴികള്‍ അടയ്ക്കുന്നതിനാണ് ഇത് ചെയ്തതെന്നാണ് ഇരുവരും സഹോദരിയോട് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ മൂത്ത മകള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്.