ഇറാനിൽ കൊല്ലപ്പെടേണ്ട നേതാക്കളുടെ ഹിറ്റ് ലിസ്റ്റിൽ നിന്ന് യു എസ് ഒഴിവാക്കിയത് രണ്ടുപേരെ ,​ നീക്കത്തിന് പിന്നിൽ

Thursday 26 March 2026 9:16 PM IST

ഇസ്ലാമാബാദ് : പശ്ചിമേഷ്യൻ സംഘർ‌ഷത്തിൽ ഇറാനിൽ കൊല്ലപ്പെടേണ്ട നേതാക്കളുടെ പട്ടികയിൽ നിന്ന് രണ്ടു പേരുകൾ അമേരിക്ക പിന്നീട് ഒഴിവാക്കിയതായി റിപ്പോർട്ട്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചിയുടെയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖ്വർ ഘാലിബാഫിന്റെയും പേരുകളാണ് പിന്നീട് നീക്കം ചെയ്തത്. യുദ്ധം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തുന്ന പാകിസ്ഥാൻ ഈ പേരുകൾ ഒഴിവാക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

അറാഗ്ചിയുടെയും ഘാലിബാഫിന്റെയും നീക്കങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇസ്രയേലിന് ലഭ്യമായിരുന്നു. ഇവരുടെ പേരുകൾ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു,​ എന്നാൽ ഇവരെ ലക്ഷ്യമിട്ടാൽ നയതന്ത്ര ചർച്ചകൾക്ക് അവസരം ഇല്ലാതാകുമെന്ന വാദം ഉന്നയിച്ചതോടെ പേരുകൾ ഒഴിവാക്കാൻ യു.എസ് ഇസ്രയേലിനോട് നിർദ്ദേശിക്കുകയായിരുന്നു എന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ പാകിസ്ഥാൻ സൈന്യമോ വിദേശകാര്യ വകുപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം പേരുകൾ താത്കാലികമായി നാലോ അഞ്ചോ ദിവസത്തേക്ക് മാത്രമാണ് പട്ടികയിൽ നിന്ന് നീക്കിയതെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ പാകിസ്ഥാന്റെ പങ്ക് സംബന്ധിച്ച് റിപ്പോർട്ടിൽ പരാമർശമില്ല.