തണ്ണീർത്തടങ്ങളും നാശത്തിലേക്ക്

Friday 27 March 2026 1:03 AM IST

ഉദിയൻകുളങ്ങര: വേനൽ കടുത്താലും ചെങ്കൽ ഏലാ ഉൾപ്പെടെയുള്ള പ്രധാന തണ്ണീർത്തടങ്ങളിൽ ജലത്താൽ സമൃദ്ധമായിരുന്നു. എന്നാൽ ഇപ്പോൾ നെയ്യാറ്റിൻകര താലൂക്കിൽ വിരളമായി മാത്രമാണ് തണ്ണീർത്തടങ്ങളുള്ളത്. തണ്ണീർത്തടങ്ങളുടെ തകർച്ച കാരണം സസ്യജാലങ്ങൾ ഉൾക്കൊള്ളുന്ന ആവാസമേഖലയായ ഗ്രാമപ്രദേശങ്ങളിലെ കണ്ടൽക്കാടുകളും നശിക്കുകയാണ്.

ജലം ഒരു സ്പോഞ്ചിൽ എന്നപോലെ താത്‌കാലികമായി സംഭരിച്ചുവയ്ക്കാനും വരൾച്ചക്കാലത്ത് ആവശ്യാനുസരണം വിട്ടുകൊടുക്കാനും തണ്ണീർത്തടങ്ങൾക്ക് സാധിക്കുന്നു. ഒപ്പം വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കാനും ഭൂഗർഭജലം റീച്ചാർജ് ചെയ്യാനും സഹായിക്കുന്നു. മഹാപ്രളയം,കൊടുങ്കാറ്റ്,കടലേറ്റം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽനിന്ന്‌ ഒരുപരിധിവരെ സുരക്ഷനൽകാൻ കണ്ടൽക്കാടുകൾക്ക് പ്രാപ്തിയുണ്ടെന്നാണ് കണ്ടെത്തൽ. ജലചംക്രമണത്തിലൂടെ വെള്ളം ശുദ്ധീകരിക്കുന്നതിനാൽ കണ്ടൽക്കാടുകൾ ഭൂമിയുടെ വൃക്കകളുടെ ദൗത്യം ഏറ്റെടുക്കുന്നു. കണ്ടൽക്കാടുകളും ഏലാപ്രദേശങ്ങളിലെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

 വെല്ലുവിളികൾ ഏറെ

1. കണ്ടൽ ആവാസവ്യവസ്ഥയുടെ ചൂഷണം.

2. ഭൂമിയുടെ ദൗർലഭ്യം കാരണം തണ്ണീർത്തടങ്ങൾ നികത്തപ്പെടുന്നു

3. മാലിന്യ നിക്ഷേപം തണ്ണീർത്തടങ്ങളെ നശിപ്പിക്കുന്നു

4. ജലവിനോദങ്ങൾക്കും കെട്ടിടനിർമാണത്തിനും വേണ്ടി കണ്ടൽക്കാടുകൾ വെട്ടുകയും തണ്ണീർത്തടങ്ങൾ നികത്തപ്പെടുകയും ചെയ്യുന്നു.

5.കൃത്രിമ മത്സ്യക്കൃഷിക്കുവേണ്ടി പ്രകൃതിദത്ത തണ്ണീർത്തടങ്ങളെ മാറ്റിമറിക്കുന്നു.