കനത്ത ചൂടിലും പേപ്പാറ കൂൾ,​ പക്ഷിക്കൂട്ടവും ഹാപ്പി; വേനലിൽ അപൂർവയിനം 166 പക്ഷികളുടെ സാന്നിദ്ധ്യം

Friday 27 March 2026 3:15 AM IST

തിരുവനന്തപുരം: നാടാകെ ചുട്ടുപൊള്ളുമ്പോഴും,പേപ്പാറ വന്യജീവി സങ്കേതം പക്ഷിക്കൂട്ടങ്ങളുടെ ഇഷ്ടത്താവളമായി മാറുന്നു.ചൂട് താങ്ങാനാകാത്ത അപൂർവയിനം പക്ഷികൾ ഉൾപ്പെടെ 166 ഇനങ്ങൾ പേപ്പാറയിൽ സുഖമായി വസിക്കുന്നതായി കണ്ടെത്തി.

ഇക്കഴിഞ്ഞ 19 മുതൽ 22വരെ നടത്തിയ വേനൽക്കാല പക്ഷി കണക്കെടുപ്പിലാണ്,പേപ്പാറ പക്ഷികൾക്ക് പ്രിയപ്പെട്ട ആവാസവ്യവസ്ഥയാണെന്ന് വ്യക്തമായത്. മറ്റിടങ്ങളിലെ വെയിലും ചൂടും വന്യജീവി സങ്കേതത്തെ ബാധിച്ചിട്ടില്ലെന്നതിന് തെളിവാണിതെന്ന് പക്ഷി ഗവേഷകർ വിലയിരുത്തുന്നു.

തിരുവനന്തപുരം വന്യജീവി വിഭാഗം വൈൽഡ്‌ലൈഫ് വാർഡൻ എസ്.വിനോദ് സർവേയ്ക്ക് മേൽനോട്ടം വഹിച്ചു.അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ കെ.എൻ.ശ്യാം മോഹൻലാൽ,സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ സജു.എസ്.നായർ,അസിസ്റ്റന്റ് വൈൽഡ്‌ലൈഫ് വാർഡൻ സലിൻ ജോസ്,റേഞ്ച് ഓഫീസർ മെറീന എന്നിവരുടെ പിന്തുണയിലായിരുന്നു സർവേ.

പക്ഷി നിരീക്ഷകരായ സി.സുശാന്ത്,എസ്.രാജീവൻ,കെ.ഹരികുമാർ,അരുൺ.സി.ജി,ഡോ.അഭിരാം ചന്ദ്രൻ,ഡോ.ഉഷ ബലരാമൻ,എസ്.എസ്.അനൂജ്,വി.വിനോദ്കുമാർ,ധനുഷ് മുണ്ടേല,ഡോ.ബ്ലെസ്സൻ ജോർജ് എന്നിവർ പങ്കെടുത്തു.

പക്ഷികൾ പ്രിയം ഇവിടെ

പേപ്പാറ

കാണിത്തടം

ബോണക്കാട്

പാണ്ടിപ്പത്ത്

അട്ടയാർ

അതിരുമല

വന്യജീവി വകുപ്പും സാമൂഹ്യ വനവത്കരണ വിഭാഗവും പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ വാർബ്‌ളേർസ് ആൻഡ് വെയ്‌ഡേഴ്സും സംയുക്തമായാണ് വേനൽക്കാല പക്ഷിസർവേ നടത്തിയത്.

അശാമ്പു ചിലപ്പൻ,പതുങ്ങൻ ചിലപ്പൻ,കരിഞ്ചെമ്പൻ പാറ്റപിടിയൻ,നീലക്കിളി പാറ്റപിടിയൻ,കൊമ്പൻ കാട്ടുമൂങ്ങ തുടങ്ങിയവ ഇക്കൂട്ടത്തിലെ പ്രധാനികളാണ്.

കൊല്ലിക്കുറുവൻ മൂങ്ങ,വലിയ കിന്നരിപ്പരുന്ത്,കരിമ്പരുന്ത്,ബസാർഡ് പരുന്ത്,ഷഹീൻ കാട്ടുപുള്ള്, നീലപ്പാറക്കിളി,മഞ്ഞ ഇലക്കുരുവി,ടിറ്റ്ലർ ഇലക്കുരുവി,ചെവിയൻ രാച്ചുക്ക്,കാട്ടുവേലിത്തത്ത,കാക്കമരംക്കൊത്തി,മലമുഴക്കി വേഴാമ്പൽ,മരപ്രാവ്,ആറ്റുമണൽക്കോഴി തുടങ്ങിയ അപൂർവങ്ങളായ പക്ഷികളെയും സർവേയിൽ കണ്ടെത്തി.

കടുത്ത വേനലിലും വേനൽ മഴയിലും ഇത്രയും പക്ഷികളെ കണ്ടെത്തിയത് പേപ്പാറ വന്യജീവി സങ്കേതത്തിലെ പക്ഷിവൈവിദ്ധ്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.

എസ്.രാജീവൻ,

പക്ഷി നിരീക്ഷകൻ