ബോധി പുരസ്‌കാരം ഡോ.കെ. ശ്രീകുമാറിന്

Friday 27 March 2026 1:52 AM IST

കട്ടപ്പന: കാഞ്ചിയാർ ബോധി ഗ്രന്ഥശാലയുടെ 2025ലെ ബോധി പുരസ്‌കാരത്തിന് എഴുത്തുകാരൻ ഡോ.കെ. ശ്രീകുമാർ അർഹനായി.11,111 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഏപ്രിലിൽ സമ്മാനിക്കും. കോഴിക്കോട് സ്വദേശിയായ ഡോ. കെ ശ്രീകുമാർ എഴുതിയ 'എം ടി വാസുദേവൻ നായർ' എന്ന ജീവചരിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു. ഒന്നര വർഷം ഇടവേളകളില്ലാതെ എം.ടിയോടൊപ്പം ചെലവഴിച്ചാണ് പുസ്തകം തയാറാക്കിയത്. ബാലസാഹിത്യം, നാടോടിവിജ്ഞാനീയം, നാടകപഠനം, ജീവചരിത്രം, ലേഖനപരമ്പര, പുനരാഖ്യാനം, കവിത എന്നീ മേഖലകളിലായി 230ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെയും കേരളസാഹിത്യ അക്കാദമിയുടെയുമടക്കം നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ളതാണെന്നും പുരസ്‌കാര നിർണയ സമിതി ചെയർമാൻ കാഞ്ചിയാർ രാജൻ, മോബിൻ മോഹൻ, ജെയിംസ് പി ജോസഫ്, പുഷ്പമ്മ എസ്, മിനി മോഹനൻ, സിറിൾ ജേക്കബ്, എം.ഡി മോഹനൻ എന്നിവർ പറഞ്ഞു.