മീൻ കുറഞ്ഞു: വറുതിയിലാണ്ട് രേഖയുടെ ജീവിതം
തൃശൂർ: 'മീൻ കിട്ടുന്നത് കുറഞ്ഞു, വൻകിട ബോട്ടുകളുടെ കരവലയിൽ വല നശിക്കുന്നു. ചില്ലിക്കാശ് മാത്രമാണ് മിച്ചം. എങ്ങനെ ജീവിക്കും ഞങ്ങൾ"- ആഴക്കടൽ മീൻപിടിത്തത്തിന് ലൈസൻസ് നേടിയ വനിത രേഖ കാർത്തികേയൻ വോട്ട് തേടിയെത്തുന്ന സ്ഥാനാർത്ഥികളോട് നിസഹായാവസ്ഥയുടെ കെട്ടഴിച്ചു.
വൻകിട ബോട്ടുകാർ കരയോട് ചേർന്ന് അടിത്തട്ടിലൂടെ മീൻ പിടിക്കുമ്പോൾ മീനും വലയുമെല്ലാം റാഞ്ചും. വല വാങ്ങാൻ 60,000 രൂപ വേണം. വല വീണ്ടും കെട്ടുമ്പോൾ ഒരാഴ്‌ച കടലിൽ പോകാനാവില്ല.
ചേറ്റുവ അഴിമുഖത്ത് ഏത്തായ് ബീച്ചിനടുത്താണ് രേഖയുടെ വീട്. പുലർച്ചെ നാലിന് രേഖയും അസുഖബാധിതനായ ഭർത്താവ് കാർത്തികേയനും രണ്ടോ മൂന്നോ തൊഴിലാളികളുമായി കടലിലേക്ക്. കേന്ദ്ര സമുദ്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കിൽ ആഴക്കടലിൽ പോകുന്ന ഏക ഫിഷർ വുമണാണ് രേഖ.
ഭർത്താവിനെ സഹായിക്കാൻ ആളില്ലാതായപ്പോൾ രണ്ട് പതിറ്റാണ്ട് മുൻപാണ് കടലിൽ പോകാൻ തുടങ്ങിയത്. രണ്ട് വർഷം മുൻപ് വള്ളം മറിഞ്ഞു. കോസ്റ്റ് ഗാർഡെത്തി രക്ഷിച്ചെങ്കിലും വള്ളം കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെ കയറു പൊട്ടി കടലിൽ താഴ്ന്നു. ലോണെടുത്തും പലരുടെ സഹായത്താലും വാങ്ങിയ ഫൈബർ വള്ളവും വലയും രണ്ട് എൻജിനുമുൾപ്പെടെ ആറ് ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
ചോർന്നൊലിക്കുന്ന വീട്
കാൽനൂറ്റാണ്ട് പഴക്കമുള്ള വീടാണുള്ളത്. പണി പൂർത്തിയായിട്ടില്ല. മഴയത്ത് ചോരും. വേലിയേറ്റത്തിൽ വെള്ളം കയറും. ബിരുദം പൂർത്തിയാക്കിയ മൂത്തമകൾ മായയുടെ വിവാഹം നടത്തി. അഞ്ജലിയും (ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥി), ദേവപ്രിയയും (ബിസി.എ വിദ്യാർത്ഥി), ലക്ഷ്മിപ്രിയയുമാണ് (പ്ലസ് വൺ) മറ്റു മക്കൾ.
'വൻകിടക്കാർക്ക് മാത്രമേ മീൻപിടിച്ചു ജീവിക്കാൻ പറ്റൂവെന്ന നിലയാണ്. കടലിൽ അവരെന്തു ചെയ്‌താലും ആരും കാണില്ല".
- രേഖ