ഹോർമുസ് പ്രതിസന്ധി; കപ്പലുകൾക്ക് ഇന്ത്യൻ നാവിക സുരക്ഷ

Friday 27 March 2026 12:53 AM IST

ന്യൂഡൽഹി: ഇറാന്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടക്കുന്ന ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷ നൽകാൻ നാവിക സേന സജ്ജം. 'ഓപ്പറേഷൻ ഊർജ്ജ സുരക്ഷ" എന്നാണ് പേര്. ഇതിന്റെ ഭാഗമായി അഞ്ച് മുൻനിര യുദ്ധക്കപ്പലുകൾ ഹോർമുസ് പരിസരത്ത് വിന്യസിച്ചു. ഇന്ത്യൻ പതാകയുള്ള കപ്പലുകളെ സുരക്ഷിതമായി അറബിക്കടലിലെത്തിക്കലാണ് ദൗത്യം. കഴിഞ്ഞ ദിവസങ്ങളിൽ കടലിടുക്ക് കടന്ന കപ്പലുകൾക്ക് നാവികസേനയുടെ അകമ്പടിയുണ്ടായിരുന്നു. സംഘർഷത്തെത്തുടർന്ന് കുടുങ്ങിക്കിടക്കുന്ന 20 ചരക്ക് കപ്പലുകൾ വരും ദിവസങ്ങളിൽ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. ഇറാന്റെ നിയന്ത്രണത്തിലുള്ള കടലിടുക്ക് കടന്ന് ഒമാൻ ഉൾക്കടലിൽ പ്രവേശിക്കുന്നതോടെയാണ് നാവിക സേന അകമ്പടി സേവിക്കുക. ഇറാൻ വെള്ളത്തിൽ മൈനുകൾ വിന്യസിച്ചിട്ടുണ്ടെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് വന്നിരുന്നു.ഇന്ത്യ, പാകിസ്ഥാൻ, ചൈന, റഷ്യ, ഇറാക്ക് എന്നീ സൗഹൃദ രാഷ്ട്രങ്ങൾക്ക് മാത്രമാണ് ഹോർമുസ് കടക്കാൻ നിലവിൽ അനുമതിയുള്ളത്.