മുഖ്യമന്ത്രിമാരുമായി മോദിയുടെ ചർച്ച ഇന്ന്, പെട്രോളിൽ വേണം ജാഗ്രത
മുഖ്യമന്ത്രിമാരുമായി ഇന്ന് 6.30ന് മോദി ചർച്ച നയാര വില കൂട്ടി: പെട്രോളിന് 5 രൂപ; ഡീസലിന് 3രൂപ
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. ഇന്നു വൈകിട്ട് ആറരയ്ക്ക് വീഡിയോ കോൺഫറൻസിലാണ് ചർച്ച. പെട്രോളിന്റെയും പാചകവാതകത്തിന്റെയും മറ്റ് ഊർജ്ജ ഉത്പന്നങ്ങളുടെയും പ്രതിസന്ധി ഉൾപ്പെടെ ചർച്ച ചെയ്യുമെന്നാണറിയുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, അസാം, പുതുച്ചേരി മുഖ്യമന്ത്രിമാരെ ഒഴിവാക്കും. ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കാബിനറ്റ് സെക്രട്ടറി പിന്നീട് ചർച്ച നടത്തും. പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പിന്നാലെ മാർച്ച് 20ന് പൊതുമേഖല എണ്ണക്കമ്പനികൾ പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.09രൂപ മുതൽ 2.35രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. സാദാ പെട്രോളിനും ഡീസലിനും പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ വില കൂട്ടിയേക്കും.
അതേസമയം, രാജ്യത്തൊട്ടാകെ ഏഴായിരത്തോളം പെട്രോൾ പമ്പുകളുള്ള സ്വകാര്യ കമ്പനിയായ നയാര എനർജി പെട്രോൾ വില ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയും വർദ്ധിപ്പിച്ചു. പ്രാദേശിക നികുതി കൂടി ചേരുമ്പോൾ കേരളത്തിലടക്കം വില വീണ്ടും കൂടും.
വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്നത് പൊതുമേഖല എണ്ണക്കമ്പനികളായതിനാൽ നയാരയുടെ വില വർദ്ധന പൊതുജനത്തെ പെട്ടെന്ന് ബാധിക്കില്ല.
ക്രൂഡ് ഓയിൽ വില കൂടി പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 119 യു.എസ് ഡോളറിലെത്തിയ സാഹചര്യത്തിലാണ് നയാരയുടെ വിലവർദ്ധന. സ്വകാര്യ സ്ഥാപനമായതിനാൽ സർക്കാർ പിന്തുണയില്ലെന്നും ഇറക്കുമതി ചെലവ് കണക്കിലെടുത്താണ് വർദ്ധനയെന്നും കമ്പനി പറയുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിംഗിൾ-സൈറ്റ് റിഫൈനറിയായ വാദിനാർ എണ്ണ ശുദ്ധീകരണശാലയിൽ നിന്നുള്ള ഇന്ധനമാണ് നയാര പമ്പുകളിലൂടെ വിതരണം ചെയ്യുന്നത്. 2017ൽ, പഴയ എസ്സാർ ഓയിൽ കമ്പനിയെ റഷ്യൻ കമ്പനി റോസ്നെഫ്‌റ്റിന്റെ നേതൃത്വത്തിൽ ഏറ്റെടുത്താണ് നയാര എനർജി രൂപീകരിച്ചത്.
അവസരത്തിനൊത്ത് ഉയരണം
പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിക്കുന്ന പ്രതിസന്ധി ദീർഘകാലം അഭിമുഖീകരിക്കേണ്ടിവന്നേക്കും. അതിന്റെ ആഘാതം ലഘൂകരിക്കാനുള്ള മാർഗങ്ങളാണ് ഇന്ത്യ തേടുന്നത്.
പൊതുജനങ്ങൾ സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെങ്കിൽ സംസ്ഥാനങ്ങളിലെ ഭരണചക്രം അവസരത്തിനൊത്ത് ഉയരണം. അത് മുന്നിൽകണ്ടാണ് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചിരിക്കുന്നത്. കൊവിഡ് കാലത്തും വീഡിയോ കോൺഫറൻസ് നടത്തുമായിരുന്നു.