സോണിയ മരുന്നുകളോട് പ്രതികരിക്കുന്നു: ഡോക്ടർമാർ

Friday 27 March 2026 1:12 AM IST

ന്യൂഡൽഹി: ഡൽഹി ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലുള്ള മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ നില തൃപ്‌തികരമാണെന്നും അവരുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്‌ടമാർ അറിയിച്ചു. ചൊവ്വാഴ്‌ച രാത്രിയാണ് അണുബാധയെ തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡോ. ഡി.എസ്. റാണ, ഡോ. എസ്. നുണ്ടി, ഡോ. അരൂപ് ബസു എന്നിവരുടെ മേൽനോട്ടത്തിലാണ് സോണിയയുടെ ചികിത്സയെന്ന് ഗംഗാറാം ആശുപത്രി അറിയിച്ചു. ആന്റി ബയോട്ടിക്കുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് പറഞ്ഞു.

അതിനിടെ സോണിയയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്തിനെന്ന ബി.ജെ.പി എം.പി നിഷികാന്ത് ദുബേയുടെ വിമർശനം വിവാദമായി. എയിംസ് പോലുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സിക്കാത്തതെന്തുകൊണ്ടാണെന്നും പൊതു ആരോഗ്യ സൗകര്യങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് വിശ്വാസക്കുറവുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ദുബെയുടെ പ്രസ്‌താവന വെറുപ്പുളവാക്കുന്നതും വിവേകശൂന്യവുമാണെന്ന് കോൺഗ്രസ് നേതാവ് മണിക്കം ടാഗോർ തിരിച്ചടിച്ചു. ആരോഗ്യസ്ഥിതിയെ രാഷ്ട്രീയക്കളിക്കായി ഉപയോഗിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.