ഓട്ടോ ഡ്രൈവറെ ആക്രമിച്ച പ്രതി അറസ്റ്റിൽ

Friday 27 March 2026 2:30 AM IST

വിഴിഞ്ഞം: ഓട്ടോ ഡ്രൈവറെ ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വിഴിഞ്ഞം ഹാർബർ റോഡ് വലിയപറമ്പിൽ സുലൈമാനെ (33)ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം മണ്ണക്കല്ല് ടൗൺ ഷിപ്പ് എം.എ. മൻസിലിൽ അഹമ്മദ് ഹാഷിം (30)നാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ഡിസംബറിൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അഹമ്മദ് ഹാഷിമിനെതിരെ സുലൈമാൻ പരാതി നൽകിയിരുന്നു. ബുധനാഴ്ച വൈകിട്ട് 5.30 ഓടെ വിഴിഞ്ഞം ഹാർബർ എൽ.പി.സ്കൂളിന് സമീപത്ത് ഓട്ടോയിൽ നിന്ന് സവാരിക്കാരെ ഇറക്കവെ ഇരുമ്പ് പൈപ്പുമായെത്തിയ പ്രതി ആക്രമിക്കുകയും തറയിൽ വീണ അഹമ്മദ് ഹാഷിമിനെ ചവിട്ടുകയും പൈപ്പ് കൊണ്ടി ചെവിയ്ക് പുറകിൽ ഇടിക്കുകയും ചെയ്തെന്നാണ് പരാതി. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.