ഇറാന്റെ അടുത്ത വജ്രായുധം: ബാബ് അൽ മന്ദബിലും തുറക്കും യുദ്ധമുഖം

Friday 27 March 2026 7:52 AM IST

 ലോകത്ത് നാലാമത്തെ വലിയ ഷിപ്പിംഗ് റൂട്ട്

 സൂയസ് കനാൽ വഴിയുള്ള വ്യാപാരത്തിന് നിർണായകം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് പിന്നാലെ നിർണായകമായ ' ബാബ് അൽ മന്ദബ് ' കടലിടുക്കിലും യുദ്ധമുഖം തുറക്കുമെന്ന ഭീഷണിയുമായി ഇറാൻ. പേർഷ്യൻ ഉൾക്കടലിലെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും തീരപ്രദേശങ്ങളിൽ കരയാക്രമണം നടത്താനും യു.എസും ഇസ്രയേലും ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണിത്.

യെമനിലെ ഹൂതി വിമതരുടെ പിന്തുണയോടെയാകും ബാബ് അൽ മന്ദബിൽ കപ്പൽ ഗതാഗതം സ്തംഭിപ്പിക്കുക. ഏത് സാഹചര്യത്തോടും പ്രതികരിക്കാൻ സേന സജ്ജമാണെന്ന് ഹൂതി നേതാവ് അബ്ദുൾ മാലിക് അൽ-ഹൂതിയും പ്രഖ്യാപിച്ചുകഴിഞ്ഞു.

ലോകത്തെ നാലാമത്തെ വലിയ ഷിപ്പിംഗ് റൂട്ടാണ് ബാബ് അൽ മന്ദബ്. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി പ്രധാന ഷിപ്പിംഗ് കമ്പനികൾ മേഖലയിലൂടെയുള്ള ഗതാഗതം നിറുത്തിവച്ചിരിക്കുകയാണ്. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിൽ സൂയസ് കനാൽ വഴിയുള്ള എണ്ണ, വാതക വ്യാപാരത്തിന് നിർണായകമാണ് ബാബ് അൽ മന്ദബ്. ഹോർമുസിലെ സാഹചര്യം ഇവിടെയും ആവർത്തിച്ചാൽ നിലവിലെ ഊർജ്ജ പ്രതിസന്ധിയും വിലക്കയറ്റവും ഗുരുതരമാകും.

ചെങ്കടലിനും ഏഥൻ

ഉൾക്കടലിനും ഇടയിൽ

 കടലിലൂടെ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 12 % കടന്നുപോകുന്നത് ഇതുവഴി

 ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനേയും ബന്ധിപ്പിക്കുന്നു

 അറേബ്യൻ ഉപദ്വീപിലെ യെമനെയും ഹോൺ ഒഫ് ആഫ്രിക്കയിലെ ജിബൂട്ടി, എറിത്രിയ എന്നിവയേയും തമ്മിൽ വേർതിരിക്കുന്നു

 ഹൂതികൾക്ക് ശക്തമായ സ്വാധീനമുള്ള മേഖല. കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായിട്ടുണ്ട്

 ഏറ്റവും ഇടുങ്ങിയ ഭാഗത്തിന്റെ വീതി 30 കിലോമീറ്റർ

 ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് മെഡിറ്ററേനിയൻ കടലിലേക്ക് എത്താനുള്ള എളുപ്പ വഴി

# സൗദിക്ക് തിരിച്ചടി

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യ ഉപയോഗിക്കുന്നത് ഈസ്റ്റ് വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ് ലൈനാണ്. പേർഷ്യൻ ഉൾക്കടൽ തീരത്തെ കിഴക്കൻ പ്രവിശ്യയിൽ നിന്ന് ചെങ്കടൽ തീരത്തെ യാൻബുവിലേക്ക് പൈപ്പ് ലൈൻ വഴി എണ്ണയെത്തിച്ച് ഏഥൻ ഉൾക്കടൽ വഴി കപ്പലുകൾ ഏഷ്യൻ മാർക്കറ്റുകളിലെത്തും. ബാബ് അൽ മന്ദബ് അടച്ചാൽ സൗദിയ്ക്ക് തിരിച്ചടിയാകും. 1980കളിൽ ഹോർമുസിൽ ഇറാനും ഇറാക്കും നടത്തിയ ടാങ്കർ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി 1,201 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ നിർമ്മിച്ചത്.

1. ബാബ് അൽ മന്ദബ് അടച്ചാൽ സൗദിയിൽ നിന്നുള്ള എണ്ണക്കപ്പലുകൾ ചെങ്കടലിന് വടക്ക് ഭാഗത്തേക്ക് നീങ്ങണം. സൂയസ് കനാൽ വഴി യൂറോപ്യൻ, വടക്കേ അമേരിക്കൻ മാർക്കറ്റുകളിലേക്ക് എണ്ണ എത്തിക്കാം

2. ഏഷ്യൻ മാർക്കറ്റുകളിലേക്ക് എത്താൻ കപ്പലുകൾ സൂയസ് കനാൽ കടന്ന് ആഫ്രിക്കയുടെ തെക്കേ അറ്റം ചുറ്റിക്കടക്കേണ്ടി വരും

# ഖാർഗ് പിടിച്ചെടുക്കാൻ ശത്രുക്കൾ തയ്യാറെടുക്കുന്നതിന്റെ സൂചന ലഭിച്ചു. എല്ലാ നീക്കങ്ങളും നിരീക്ഷിച്ചുവരുന്നു

- മുഹമ്മദ് ബാഗർ ഗാലിബാഫ്,

പാർലമെന്റ് സ്പീക്കർ, ഇറാൻ