ഹോർമുസിൽ പണം ഈടാക്കാൻ നീക്കം
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ടോൾ പിരിക്കുന്നതിനുള്ള ബിൽ ഇറാൻ പാർലമെന്റിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. ബില്ലിന്റെ കരട് തയ്യാറാക്കിയെങ്കിലും പൂർണമല്ല. എത്രത്തോളം തുക ഈടാക്കുമെന്നും വ്യക്തമല്ല. ഹോർമുസ് കടക്കാൻ ചില വാണിജ്യ കപ്പലുകളിൽ നിന്ന് ഇറാൻ 20 ലക്ഷം ഡോളറോളം ഈടാക്കിയെന്ന തരത്തിൽ നേരത്തെ വാർത്ത പ്രചരിച്ചിരുന്നു.
പരമോന്നത നേതൃപദവി തരാമെന്ന് പറഞ്ഞു: ട്രംപ്
താൻ പരമോന്നത നേതാവാകണമെന്ന് ഇറാനിലെ ജനങ്ങൾ ആഗ്രഹിച്ചെന്നും എന്നാൽ തനിക്ക് താത്പര്യമില്ലെന്നും യു.എസ് പ്രസിഡന്റ് ട്രംപ്. അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനിലെ നേതൃത്വം അനൗദ്യോഗികമായി ഈ ആശയം മുന്നോട്ടുവച്ചെന്നും താൻ നിരസിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. വാഷിംഗ്ടണിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരിപാടിയിൽ സംസാരിക്കവെയാണ് വിചിത്രവാദം. ഇറാനിലെ നേതാക്കൾ യു.എസുമായി ചർച്ച നടത്തുന്നുണ്ടെന്നും സ്വന്തം ജനങ്ങളോ തങ്ങളോ വധിക്കുമെന്ന ഭയത്താൽ പുറത്തുപറയാത്തതാണെന്നും ട്രംപ് അവകാശപ്പെട്ടു.
``കുറച്ചു ദിവസങ്ങളായി യു.എസ് ചില രാജ്യങ്ങൾ വഴി സന്ദേശങ്ങൾ അയയ്ക്കുന്നുണ്ട്. തങ്ങളുടെ നിലപാട് ആ രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ട്. ഇവയെ ചർച്ചയെന്ന് പറയാനാകില്ല. നിലവിൽ യു.എസുമായി ചർച്ചയ്ക്ക് ഉദ്ദേശ്യമില്ല.``
- അബ്ബാസ് അരാഗ്ചി,
വിദേശകാര്യ മന്ത്രി, ഇറാൻ
``കാര്യങ്ങൾ കൈവിട്ടുപോകും മുന്നേ ഇറാൻ വേഗത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണം.``
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്