കുട്ടികളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ സൂക്ഷിക്കണം; കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ആപത്ത്

Friday 27 March 2026 12:58 PM IST

കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു വൈറസ് രോഗമാണ് മുണ്ടിനീര് (Mumps). ചെവിക്ക് താഴെയുള്ള പരോട്ടിഡ് എന്ന ഉമിനീര്‍ ഗ്രന്ഥി വീര്‍ക്കുന്നതാണ് ഈ രോഗത്തിന്റെ പ്രധാന പ്രത്യേകത. സാധാരണയായി ഗുരുതരമല്ലെങ്കിലും ചില സാഹചര്യങ്ങളില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഈ രോഗത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.

എന്താണ് മുണ്ട് നേരെ അഥവാ മംപ്‌സ്? മുണ്ടിനീര് പാരാമിക്‌സോ വൈറസ് (Paramyxo virus) മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ്. പ്രധാനമായും കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത് എങ്കിലും വാക്‌സിന്‍ സ്വീകരിക്കാത്ത മുതിര്‍ന്നവര്‍ക്കും രോഗം വരാന്‍ സാദ്ധ്യതയുണ്ട്.

രോഗം എങ്ങനെ പകരുന്നു? രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വൈറസ് മറ്റുള്ളവരിലേക്ക് പകരാം. രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും ഒരേ പാത്രങ്ങള്‍, ടവലുകള്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാന്‍ സാദ്ധ്യതയുണ്ട്. സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ കുട്ടികള്‍ തമ്മിലുള്ള അടുത്ത ഇടപഴകല്‍ കാരണം രോഗം വേഗത്തില്‍ പടരാന്‍ സാദ്ധ്യതയുണ്ട്.

പ്രധാന ലക്ഷണങ്ങള്‍

· ചെവിയുടെ താഴ്ഭാഗത്ത് വേദനയോടു കൂടിയ വീക്കം. · പനി, ഭക്ഷണം കഴിക്കുമ്പോള്‍ അല്ലെങ്കില്‍ വായ തുറക്കുമ്പോള്‍ വേദന, തലവേദന, ചവയ്ക്കാനുള്ള ബുദ്ധിമുട്ട്. · വീക്കം സാധാരണയായി ഒരു വശത്ത് ആരംഭിച്ച് പിന്നീട് മറ്റേ വശത്തേക്കും പടരാം.

സാദ്ധ്യതയുള്ള സങ്കീര്‍ണതകള്‍ മിക്കവാറും മംപ്‌സ് / മുണ്ടിനീര് ഗുരുതര പ്രശ്‌നങ്ങളില്ലാതെ തന്നെ സുഖപ്പെടുന്ന രോഗമാണ്. എങ്കിലും ചിലരില്‍ താഴെ പറയുന്ന സങ്കീര്‍ണതകള്‍ ഉണ്ടാകാം.

· ആണ്‍കുട്ടികളില്‍ വൃഷണങ്ങളില്‍ വീക്കം (orchitis). · പെണ്‍കുട്ടികളില്‍ അണ്ഡാശയങ്ങളുടെ വീക്കം (oophoritis). · തലച്ചോറിന്റെ ആവരണത്തിനുണ്ടാകുന്ന അണുബാധ (Meningitis). · വളരെ അപൂര്‍വ്വമായി കേള്‍വിനഷ്ടം.

ചികിത്സ മുണ്ടിനീരിന് പ്രത്യേകമായി വൈറസിനെ നശിപ്പിക്കുന്ന മരുന്ന് ഇല്ല. അതിനാല്‍ ചികിത്സ പ്രധാനമായും ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ്.

· മതിയായ വിശ്രമം · പനി കുറയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍. · മൃദുവായ ഭക്ഷണം · ധാരാളം വെള്ളം കുടിക്കുക · വീക്കമുള്ള ഭാഗത്ത് ഒരു തുണി ഉപയോഗിച്ച് ചെറുചൂട് അല്ലെങ്കില്‍ തണുപ്പ് നല്‍കാവുന്നതാണ്.

ലക്ഷണങ്ങള്‍ കുറയാതെ നിലനില്‍ക്കുകയാണെങ്കിലോ കൂടുകയാണെങ്കിലോ ഉറപ്പായും ഒരു ശിശുരോഗ വിദഗ്ധനെ കാണേണ്ടതാണ്.

പ്രതിരോധം മുണ്ടിനീര് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പ്രതിരോധ കുത്തിവയ്പ്പാണ്. കുട്ടികള്‍ക്ക് ഒമ്പതാം മാസം മുതല്‍ എം എം ആര്‍ വാക്‌സിന്‍ (മംപ്‌സ്, മീസില്‍സ്, റുബെല്ല) നല്‍കാവുന്നതാണ്. ഈ വാക്‌സിന്‍ രണ്ട് ഡോസുകളായി നല്‍കുന്നു. നിങ്ങളുടെ കുഞ്ഞിന്റെ വാക്‌സിനേഷന്‍ കാര്‍ഡ് പരിശോധിച്ച് കുഞ്ഞിന് എം എം ആര്‍ വാക്‌സിന്‍ ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതുപോലെ തന്നെ,

· രോഗബാധിതനുമായി അടുത്ത സംമ്പര്‍ക്കം ഒഴിവാക്കുക. · കൈകള്‍ ഇടയ്ക്കിടെ കഴുകുക. · തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായയും മൂക്കും മൂടുക.

അവസാനമായി, മുണ്ടിനീര് സാധാരണയായി ഗുരുതരമല്ലാത്ത ഒരു വൈറസ് രോഗമാണെങ്കിലും രോഗസമയത്ത് ശ്രദ്ധിക്കുകയും ആവശ്യമായ മുന്‍കരുതുകള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് ഈ രോഗത്തിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ്.

Dr. Jyothi Krishna R S Consultant Paediatrician SUT Hospital, Pattom