പാലക്കാട് നഗരസഭാ കൗൺസിലർക്കെതിരെ ദളിത് യുവതിയുടെ പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുപ്പക്കാരൻ
പാലക്കാട്: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസ്. 24-ാം വാർഡ് കൗൺസിലറായ പ്രശോഭ് സി. വത്സനെതിരെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് കാറിൽ കൊണ്ടുപോകുന്നതിനിടെയും പീഡനം തുടർന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ചും ഇയാൾ അതിക്രമം കാട്ടി.
നഗരത്തിലെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയത്ത് പ്രതിയുടെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടായിരുന്നു. താൻ ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി പരാതിയിൽ പറയുന്നു.
തുടർച്ചയായ ഭീഷണികളും പീഡനങ്ങളും സഹിക്കവയ്യാതെയാണ് പരാതിയുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി. നിലവിൽ പ്രശോഭ് ഒളിവിലാണെന്നാണ് വിവരം. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പ്രശോഭ്.
മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽപ്പെട്ടപ്പോൾ, പിന്നീട് പാലക്കാട് എത്തിയത് പ്രശോഭിന് വേണ്ടി വോട്ട് ചോദിക്കാനായിരുന്നു. നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പ്രശോഭ് ആദ്യം പോയതും രാഹുലിനെ കാണാനായിരുന്നു.
ദളിത് യുവതിയുടെ പരാതിയിൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും ലൈംഗിക അതിക്രമത്തിനുമുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് സാദ്ധ്യത. പ്രതിയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.