ഇസ്രയേലിനെതിരെ പ്രയോഗിച്ച മിസൈലിൽ 'ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി' എന്നെഴുതി ഇറാൻ; ചിത്രങ്ങൾ വൈറൽ

Friday 27 March 2026 3:08 PM IST

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന് നേരെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളിൽ ഇന്ത്യയ്‌ക്ക് നന്ദി രേഖപ്പെടുത്തി ഇറാൻ. പ്രതിസന്ധി ഘട്ടത്തിൽ ഇറാനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങളിലെ ജനങ്ങൾക്കാണ് ഇറാൻ സൈന്യം മിസൈലുകളിലൂടെ നന്ദി പ്രകടിപ്പിച്ചത്. മുംബയിലെ ഇറാൻ കോൺസുലേറ്റിന്റെ ഔദ്യോഗിക എക്‌‌സ് പേജിലൂടെയാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

'ഇന്ത്യൻ ജനതയ്‌ക്ക് നന്ദി(Thank you people of india) ' എന്നാണ് ഒരു മിസൈലിൽ എഴുതിയിരിക്കുന്നത്. ഇന്ത്യയ്‌ക്ക് പുറമേ സ്‌പെയിൻ, പാകിസ്ഥാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്കും സമാനമായ രീതിയിൽ നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പുകൾ മറ്റ് മിസൈലുകളിലുണ്ട്. മിസൈൽ വിക്ഷേപിക്കുന്നതിന് തൊട്ടുമുമ്പായി അവയിൽ ഇറാൻ എയ്‌റോസ്‌പേസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥർ മാർക്കറുകൾ ഉപയോഗിച്ച് സ്വന്തം കൈപ്പടയിൽ സന്ദേശങ്ങൾ എഴുതുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിക്ഷേപത്തറയിൽ വച്ചാണ് ഉദ്യോഗസ്ഥർ ഈ കുറിപ്പുകൾ എഴുതിച്ചേർത്തിരിക്കുന്നത്. യുഎസ്, ഇസ്രയേൽ സംയുക്ത നീക്കമായ ഓപ്പറേഷൻ എപിക് ഫ്യൂറി തുടരുന്നതിനിടെയാണ് ഇസ്രയേലിന് നേരെ ഇറാൻ വീണ്ടും മിസൈൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.