വയനാട്ടിൽ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ പോയ വാർഡ് മെമ്പർക്ക് മർദനം; ഒപ്പംപോയ ആൾക്ക് വെട്ടേറ്റു

Friday 27 March 2026 4:28 PM IST

നെന്മേനി: വയനാട്ടിൽ തർക്കം ഒത്തുതീർപ്പാക്കാൻ ശ്രമിച്ച പഞ്ചായത്ത് അംഗത്തിന് മർദനമേറ്റു. നെന്മേനി പഞ്ചായത്തിൽ നമ്പ്യാർകുന്ന് വാർഡ് അംഗം പ്രശാന്തിനാണ് മർദനമേറ്റത്. മരം വിൽപ്പനയുമായി ബന്ധപ്പെട്ട് സ്ഥലത്ത് ത‌ർക്കമുണ്ടായിരുന്നു. പ്രശ്‌നം പറഞ്ഞുതീർക്കാനെത്തിയപ്പോഴാണ് മർദനമേറ്റത്. പ്രശാന്തിനൊപ്പമുണ്ടായിരുന്ന സുനിൽ എന്നയാൾക്കും വെട്ടേറ്റു.

മരം വിൽപ്പനയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കെ പ്രശ്‌നപരിഹാരത്തിനായുള്ള ചർച്ചയ്‌ക്കായി എത്തിയതാണ് പ്രശാന്തും സുനിലും. ചർച്ചയ്‌ക്കിടെ സംഘർഷമുണ്ടായി. തുടർന്ന് പ്രതികൾ പ്രശാന്തിനെ മർദിക്കുകയും സുനിലിനെ വെട്ടുകയുമായിരുന്നു. സുനിലിന് കൈക്കും തലയ്‌ക്കും പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പ്രതികളിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.