മ​ല​യോ​രത്ത് വ​ന്യ​മൃ​ഗ​ശ​ല്യ​വും പ​ട്ട​യ​വും പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം

Saturday 28 March 2026 12:54 AM IST

മു​ണ്ട​ക്ക​യം : തിരഞ്ഞെടുപ്പ് പ്ര​ചാ​ര​ണം ചൂടുപിടിച്ചതോടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം വ​ന്യ​മൃ​ഗ​ശ​ല്യ​വും, പ​ട്ട​യവുമാണ്. കോ​രു​ത്തോ​ട്, പു​ഞ്ച​വ​യ​ൽ, പ​മ്പാ​വാ​ലി, മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ, പാ​റ​ത്തോ​ട്, എ​രു​മേ​ലി തു​ട​ങ്ങിയ ഇടങ്ങളിലാണ് പ്രശ്നം രൂക്ഷം. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​പ്പോ​ഴും ല​ഭി​ക്കാ​ത്ത​വ​ർ ഏ​റെ​യാ​ണ്. പ​ട്ട​യം ഇ​ല്ലാ​ത്ത​തിനാൽ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും വീ​ടു​നി​ർ​മ്മാ​ണ​ത്തി​നു​മ​ട​ക്കം ബാ​ങ്കി​ൽ​ നിന്ന് ലോ​ണെ​ടു​ക്കാ​ൻ പോ​ലും പ​ലർക്കുമാകുന്നി​ല്ല. പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ങ്ങ​ൾ വ​സി​ക്കു​ക​യും കൃ​ഷി ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഭൂ​മി വ​ന​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ് പ​മ്പാ​വാ​ലി അ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ നേരിടുന്ന പ്ര​ശ്നം. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്ന വി​വി​ധ മു​ന്ന​ണി നേ​താ​ക്ക​ളോ​ട് ജ​ന​ങ്ങ​ൾ ഇക്കാര്യം പറയുന്നുണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ആ​ന, കാ​ട്ടു​പ​ന്നി, കാ​ട്ടു​പോ​ത്ത് അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങി വ്യാ​പ​ക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​യി. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെട്ടവരും, പരിക്കേറ്റവരും നിരവധി.

കാട്ടുപന്നിയെക്കൊണ്ട് പൊറുതിമുട്ടി

വ​നാ​തി​ർ​ത്തി​ക​ളി​ൽ​നി​ന്ന് മാ​റി ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ലും കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​ണ്. കോ​ടി​ക​ൾ മു​ട​ക്കി വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ൽ സോ​ളാ​ർ ഫെ​ൻ​സിം​ഗ് അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇവയുടെ ശല്യത്തിന് കുറവില്ല. പ​രി​പാ​ല​നം കൃ​ത്യ​മാ​യി നടക്കാത്തതിനാൽ സോളാർവേലികൾ നാശത്തിലാണ്. ഇത് വന്യമൃഗങ്ങൾക്ക് എളുപ്പത്തിൽ വരാൻ സഹായിക്കുന്നു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​തി​ൽ വ​നംവ​കു​പ്പി​ന്റെ നി​ല​പാ​ടു​ക​ൾ ത​ട​സം നി​ൽ​ക്കു​ക​യാ​ണ്.