കൊവിഡ് കാലത്തെ ടീം സ്പിരിറ്റ് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി,​ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച

Friday 27 March 2026 8:51 PM IST

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം അഞ്ചാം ആഴ്ചയിലേക്ക് കടക്കവേ രാജ്യത്തെ ഇന്ധന,​ ചരക്ക് വിതരണം സംബന്ധിച്ച നടപടികൾ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. വിർച്വൽ ആയാണ് കൂടിക്കാഴ്ച നടത്തുന്നത്. പശ്ചിമേഷ്യയിലെ പ്രതിസന്ധി ഇന്ത്യക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നൽകിയതിന് തൊട്ടു പിന്നാലെയാണ് കൂടിക്കാഴ്ച എന്നതും പ്രസക്തമാണ്.

ആറുവർഷം മുൻപുണ്ടായ കൊവിഡ് മഹാമാരിയെ ഓ‍ർമ്മിപ്പിച്ച പ്രധാനമന്ത്രി കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ചൂണ്ടിക്കാട്ടി. അവശ്യസാധനങ്ങളുടെ തടസമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിന് എല്ലാ സംസ്ഥാന സർക്കാരുകളോടും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു. മഹാമാരി സമയത്തെ ടീം ഇന്ത്യ സ്പിരിറ്റ് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അതേ സ്പിരിറ്റ് ഇപ്പോൾ രാഷ്ട്രത്തെ നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്തും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി പതിവായി വെർച്വൽ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ലോക്ഡൗണിന് നാല് ദിവസം മുമ്പ് 2020 മാർച്ച് 20നാണ് ആദ്യ കൂടിക്കാഴ്ച നടന്നത്.